Asianet News MalayalamAsianet News Malayalam

വീട്ടിലുളള പഴയ സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ പേടി വേണ്ട; രാജ്യത്ത് ഇനി 'മൂന്ന്' കാരറ്റിലുളള ആഭരണങ്ങള്‍ മാത്രം !

ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും പഴയ സ്വര്‍ണം സ്വീകരിച്ച് സ്വര്‍ണപണയ വായ്പ അനുവദിക്കുന്നതിന് വിലക്കില്ല.

hallmarking of gold jewellery mandatory, new hallmarking rules
Author
Thiruvananthapuram, First Published Jan 18, 2020, 5:56 PM IST

സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയെങ്കിലും പഴയ സ്വര്‍ണം വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ രാജ്യത്ത് തടസ്സമില്ല. രാജ്യത്ത് എല്ലായിടത്തും പഴയ സ്വര്‍ണം കൊടുത്താല്‍ ജ്വല്ലറികളില്‍ നിന്ന് മാറ്റ് അനുസരിച്ച് കൃത്യമായ വില തന്നെ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിങ് നടപ്പാക്കിയെങ്ക‍ിലും പഴയ സ്വര്‍ണാഭരണത്തിന്‍റെ വിപണി വിലയെ ഒരു കാരണവശാലും ഇത് ബാധിച്ചിട്ടില്ല. 

ബാങ്കുകളിലും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലും പഴയ സ്വര്‍ണം സ്വീകരിച്ച് സ്വര്‍ണപണയ വായ്പ അനുവദിക്കുന്നതിനും വിലക്കില്ല. എന്നാല്‍, നിലവിലുളള സ്റ്റോക്ക് ഒഴികെ രാജ്യത്തെ ജ്വല്ലറികളിൽ ഇനിമുതല്‍ 14, 18, 22 കാരറ്റില്‍ വരുന്ന സ്വര്‍ണഭരണങ്ങള്‍ മാത്രമേ വില്‍ക്കാനാകൂ.  ഉപഭോക്താവിന് ഏത് കാരറ്റിലുളള സ്വര്‍ണാഭരണം വില്‍ക്കാനും മാറ്റി വാങ്ങാനും സാധിക്കും. ഈ സ്വര്‍ണം ജ്വല്ലറികള്‍ക്ക് ഉരുക്കി 14, 18, 22 കാരറ്റിലേക്ക് മാറ്റി വിവിധ ആഭരണങ്ങളാക്കി ഹാള്‍മാര്‍ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് എത്തിക്കാം. 

സ്വർണ്ണത്തിന് ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയതിനെ തുടർന്ന് ഉപഭോക്താക്കളെ കൂടുതൽ ആശങ്കയിലാക്കുന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്ക് ഇല്ലാത്തതിനാൽ കുറഞ്ഞ വില മാത്രമേ ലഭിക്കുകയുള്ളൂ എന്ന രീതിയിലുള്ളതായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

hallmarking of gold jewellery mandatory, new hallmarking rules
 
വിപണി വില തന്നെ ലഭിക്കും

 ഉപഭോക്താക്കളുടെ കൈവശം തലമുറകളായി കൈമാറി വന്നിട്ടുള്ള പരമ്പരാഗതമായ സ്വർണാഭരണങ്ങളും, ഹാൾമാർക്കിങ് വരുന്നതിനു മുമ്പുള്ള സ്വർണാഭരണങ്ങളുമുണ്ടാകാം. അത് വിൽക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യുമ്പോൾ കൈവശമുള്ള സ്വർണാഭരണങ്ങളുടെ പരിശുദ്ധി അനുസരിച്ചുള്ള വിപണിവില തന്നെ ലഭ്യമാകും. മറിച്ചുള്ള പ്രചരണങ്ങൾ എല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണ്. 14,  18,  22 എന്നീ കാരറ്റുകളിലുള്ള സ്വർണാഭരണങ്ങളാണ് ഇപ്പോൾ  ഹാൾ മാർക്ക് ചെയ്തു വിൽക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളതെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ്. അബ്ദുൽ  നാസർ പറഞ്ഞു.
 
 ഉപഭോക്താക്കളുടെ കൈവശമുള്ള ഏത് കാരറ്റ് സ്വർണാഭരണങ്ങളും വിൽക്കുന്നതിനും മാറ്റി  വാങ്ങുന്നതിനും തടസ്സമില്ല. പുതിയ ഹാള്‍മാര്‍ക്കിങ് രീതിയിലേക്ക് 21, 24 കാരറ്റുകളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ജ്വല്ലറി ഉടമകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളില്‍ 21 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാണ്. ഇവ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ ഇവയുടെ വില്‍പ്പന അനുവദിക്കണമെന്നാണ് ജ്വല്ലറി ഉടമകളുടെ ആവശ്യം. എന്നാല്‍, 21 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് വാങ്ങാന്‍ ജ്വല്ലറികള്‍ക്ക് തടസ്സമില്ല. 

ഇക്കഴിഞ്ഞ ജനുവരി 15 നാണ് രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ നിലവിലുളള സ്റ്റോക്ക് വിറ്റ് തീര്‍ക്കാനും പുതിയ ലൈസന്‍സ് എടുക്കാനും ഒരു വര്‍ഷത്തെ സാവകാശം ജ്വല്ലറികള്‍ക്കി ലഭിക്കും. സ്വര്‍ണത്തിന്‍റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയാണ് ഹാള്‍മാര്‍ക്കിങ്. കേരളത്തിലെ ജ്വല്ലറികളില്‍ നിലവിലുളള സ്വര്‍ണാഭരണങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതലും ഹാള്‍മാര്‍ക്ക് ചെയ്തവയാണ്.  

Follow Us:
Download App:
  • android
  • ios