Asianet News MalayalamAsianet News Malayalam

ചൈനയില്‍ നിന്നുളള സമ്മാനങ്ങള്‍ തടഞ്ഞേക്കും, തട്ടിപ്പ് തടയാന്‍ ചൂരലെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ഇ- കൊമേഴ്‌സ് പരിധിയില്‍ വരുന്ന ഇറക്കുമതി വസ്തുക്കള്‍ ഗിഫ്റ്റുകളെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിച്ചിരുന്നത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ എല്ലാ എക്‌സ്പ്രസ് തുറമുഖങ്ങളിലും പരിശോധന ശക്തമാക്കുകയും ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് തടയുകയും ചെയ്തു. 

India government plan to cut Chinese e commerce gift's
Author
Bangalore, First Published Nov 25, 2019, 3:32 PM IST

ബെംഗളുരു: ഗിഫ്റ്റുകളെന്ന വ്യാജേന ചൈനീസ് ഇ- കൊമേഴ്‌സ് കമ്പനികള്‍ ഇറക്കുമതി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിദേശത്തുനിന്നും വരുന്ന സമ്മാനങ്ങളുടെയും സാമ്പിളുകളുടെയും കാര്യത്തില്‍ നിയമഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 5,000 രൂപയില്‍ താഴെയുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീയായി വിദേശത്തുനിന്നും രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുമായിരുന്നു. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികളായ ഷെല്‍ന്‍, ക്ലബ്ഫാക്ടറി തുടങ്ങിയവ അനധികൃതമായി സാധനങ്ങള്‍ കടത്തുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് (സിബിഐറ്റിസി) നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് കമ്പനികള്‍ നടത്തുന്ന തട്ടിപ്പ് കഴിഞ്ഞ നവംബറില്‍ കണ്ടെത്തിയത്.

ഇ- കൊമേഴ്‌സ് പരിധിയില്‍ വരുന്ന ഇറക്കുമതി വസ്തുക്കള്‍ ഗിഫ്റ്റുകളെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിച്ചിരുന്നത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ എല്ലാ എക്‌സ്പ്രസ് തുറമുഖങ്ങളിലും പരിശോധന ശക്തമാക്കുകയും ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് തടയുകയും ചെയ്തു. മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് പ്രധാന എക്‌സപ്രസ് കാര്‍ഗോ തുറമുഖങ്ങളിലായിട്ടാണ് 90 ശതമാനം ഗിഫ്റ്റുകളും എത്തിയിരുന്നത്. കര്‍ശന പരിശോധന നടത്തി ഇത്തരം ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് റദ്ദാക്കി. ചൈനീസ് കമ്പനികള്‍ മറ്റു പോര്‍ട്ടുകളും ഇറക്കുമതി തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിബിഐറ്റിസി അധികൃതര്‍ അറിയിച്ചു.

ഗിഫ്റ്റ് ചാനലുകള്‍ പൂട്ടിയതോടെ വ്യക്തിഗത ഇറക്കുമതിത്തീരുവ വെട്ടിക്കുന്നതിന് ചില ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഷെല്‍ന്‍, ക്ലബ്ഫാക്ടറി എന്നീ ചൈനീസ് കമ്പനികള്‍ക്ക് വേണ്ടി യഥാക്രമം സൈനൊ ഇന്ത്യ ഇടെയില്‍, ഗ്ലോബ്മാക്‌സ് എന്നീ കമ്പനികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്.

ഇത്തരത്തില്‍ നടന്ന തട്ടിപ്പ് വഴി ലക്ഷക്കണക്കിന് രൂപയാണ് ഇറക്കുമതി തീരുവയിനത്തില്‍ സര്‍ക്കാരിന് നഷ്ടമായത്. ഡ്യൂട്ടിഫ്രീയായി വ്യക്തികള്‍ക്ക് കൈപ്പറ്റാവുന്ന സമ്മാനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് നടപ്പാക്കുന്നത് പ്രാവര്‍ത്തികമല്ല. ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും നികുതിയടക്കണം, ഗിഫ്റ്റുകള്‍ അനുവദനീയമല്ല എന്ന തരത്തില്‍ നിയമഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios