Asianet News MalayalamAsianet News Malayalam

എണ്ണ ഇറക്കുമതി കൂടുന്നു: കയറ്റുമതി ഉയര്‍ന്നിട്ടും വ്യാപാരക്കമ്മി നിയന്ത്രിക്കാനാകാതെ ഇന്ത്യ

സ്വര്‍ണ്ണ, എണ്ണ ഇറക്കുമതി വലിയ തോതില്‍ ഉയര്‍ന്നതാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിക്കാനിടയാക്കിയത്. എണ്ണ ഇറക്കുമതിയില്‍ 8.23 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്.  

India's trade deficit increase
Author
New Delhi, First Published Jun 16, 2019, 11:05 PM IST

ദില്ലി: മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കയറ്റുമതിയില്‍ 3.93 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. ആകെ 3000 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. കെമിക്കല്‍, ഫാര്‍മ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിലുളള കയറ്റുമതിയാണ് വര്‍ധിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 

ഇറക്കുമതിയിലും രാജ്യത്ത് വര്‍ധന രേഖപ്പെടുത്തി. 4.31 ശതമാനത്തിന്‍റെ വര്‍ധനയോടെ ഇറക്കുമതി 4535 കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ, രാജ്യത്തിന്‍റെ വ്യാപാരക്കമ്മിയിലും വര്‍ധനവുണ്ടായി. 1536 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി. മുന്‍ വര്‍ഷം മെയില്‍ ഇത് 1462 കോടി ഡോളറായിരുന്നു. 

സ്വര്‍ണ്ണ, എണ്ണ ഇറക്കുമതി വലിയ തോതില്‍ ഉയര്‍ന്നതാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിക്കാനിടയാക്കിയത്. എണ്ണ ഇറക്കുമതിയില്‍ 8.23 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്.  1244 കോടി ഡോളറിന്‍റെ എണ്ണയാണ് രാജ്യം വിവിധ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തത്. എണ്ണ ആഭ്യന്തര ആവശ്യകതയുടെ 83.7 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ഇന്ത്യ.  സ്വര്‍ണ ഇറക്കുമതിയില്‍ 37.43 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. 478 കോടി ഡോളറാണ് ഇന്ത്യ സ്വര്‍ണ ഇറക്കുമതിയ്ക്കായി ചെലവഴിച്ചത്. 

എണ്ണ ഇതര ഇറക്കുമതി 2.9 ശതമാനം ഉയര്‍ന്ന് 3291 കോടി ഡോളറിലെത്തി. 

Follow Us:
Download App:
  • android
  • ios