ദില്ലി: ഇന്ത്യ 2024 ൽ അഞ്ച് ലക്ഷം കോടി ഡോളർ ജിഡിപിയുള്ള രാജ്യമാകുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. കഴിഞ്ഞ അഞ്ച് വർഷം സമ്പദ് വ്യവസ്ഥയിലെ വിഷം നിർവീര്യമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള അഞ്ച് വർഷത്തെ സാമ്പത്തിക പരിഷ്കരണത്തിലൂടെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും ഷാ പറഞ്ഞു.

"വിദേശനിക്ഷേപം റെക്കോഡിലെത്തിയതോടെ ഇന്ത്യ ആഗോള നിക്ഷേപകരുടെ ഇടമായി മാറിക്കഴിഞ്ഞു. 2014 ൽ ലോകത്ത് സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ 11-ാം സ്ഥാനത്തായിരുന്ന നമ്മൾ 2019 ൽ ഒൻപതാം സ്ഥാനത്തെത്തി. ഇന്ന് 2.9 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വലിപ്പം. 2024 ൽ ഇത് അഞ്ച് ലക്ഷം കോടി ഡോളറാകുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല." ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് ഇന്നുള്ളത് ശക്തമായ നേതൃത്വമാണെന്നും അതിനാൽ തന്നെ ഇന്ത്യൻ വിപണി കൂടുതൽ കരുത്തോടെ വളരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശേഷി ആക്കേണ്ടത് സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും കൂട്ടുത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.5 ശതമാനം മാത്രമാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. 2012-2013ന് ശേഷം ജിഡിപി ഇത്രയും താഴുന്നത് ആദ്യമായാണ്. രാജ്യത്ത് സാമ്പത്തിക പരിഷ്കരണ നടപടികൾ ഫലം കാണുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. സമ്പദ് വളർച്ചയെ ശക്തിപ്പെടുത്താൻ കൂടുതൽ പരിഷ്കരണ നടപടികളിലേക്ക് കേന്ദ്രം കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.