മുംബൈ: വാഹനവിപണിയിയിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വിൽപ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ചേഴ്സിന്റെ റിപ്പോർട്ട്.15.95 ശതമാനം ഇടിവാണ് വാഹനവിപണി ഈ എട്ടുമാസത്തിനുള്ളിൽ നേരിട്ടത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് വാഹനവിപണിയെ ആണ്. നടപ്പ് സാമ്പത്തിക വർഷം ഒക്ടോബറിൽ മാത്രമാണ് വാഹനവിൽപ്പന താരതമ്യേന വളർച്ച പ്രകടമാക്കിയത്. ഉത്സവസീസണും ഓഫറുകളുമാണ് ഒക്ടോബറിൽ വാഹനവിൽപ്പന കൂട്ടിയത്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ആകെ വാഹനവിൽപ്പനയിൽ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 17.98 ശതമാനവും ഇടിഞ്ഞു. ഇരുചക്രവാഹനങ്ങളും മുചക്ര വിൽപ്പനയും മുൻവർഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി. 1,62,67,778 ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ വർഷം വിറ്റുപോയപ്പോൾ ഈ വർഷമത് ഒരുകോടി ഇരുപത്തെട്ട് ലക്ഷത്തി ആറുപത്തിനാലായിരത്തി തൊള്ളായിരത്തി മുപ്പത്താറ് ആയി ചുരുങ്ങി. ഇടത്തരം ഹെവി ലൈറ്റ് വാണിജ്യ വാഹനവിൽപ്പനയിലും ഇക്കാലയളവിൽ ഇടിവാണ് രേഖപ്പെടുത്തിയത്. മലിനീകരണനിയന്ത്രണത്തിൽ ബിഎസ് ആറ് നിലവാരത്തിലുള്ള വാഹനങ്ങളിലേക്കുള്ള മാറ്റവും ഇലക്ട്രിക് വാഹനവിപണി പച്ച പിടിക്കുന്നതും വാഹനം വാങ്ങുന്നത് നീട്ടിവയ്ക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. നവംബറിലും വാഹനവിൽപ്പന കുറഞ്ഞത് വിപണിയുടെ തിരിച്ചുവരവ് ഇനിയും നീളുമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.