ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിയെയും മലേഷ്യയെയും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ 
ഇറക്കുമതി നയങ്ങളില്‍ മാറ്റം വരുത്തി. പാമോയില്‍ ഇറക്കുമതിക്ക് നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലും നിയന്ത്രണം വരുത്തും.

ഭക്ഷ്യ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയായിരുന്നു പാമോയിലിന്റെ ഏറ്റവും പ്രധാന വിതരണക്കാര്‍. എന്നാല്‍, ഇവിടെ നിന്നുള്ള ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ ഈയിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പാമോയില്‍ വിതരണക്കാരോട് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം, അലൂമിനിയം കട്ടികള്‍, ദ്രവരൂപത്തിലുള്ള പ്രകൃതി വാതകം, കംപ്യൂട്ടര്‍ പാര്‍ട്‌സ്, മൈക്രോപ്രൊസസര്‍ എന്നിവയ്ക്ക് കൂടി നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്‌റെ ഇപ്പോഴത്തെ ശ്രമം. ഇതിന് പുറമെ തുര്‍ക്കിയില്‍ നിന്നെത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തു. ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധം ഇതോടെ നിയന്ത്രിക്കപ്പെടും.

ജമ്മു കശ്മീരിന്‌റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ഇരുരാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ചത്. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്, തുര്‍ക്കി പ്രസിഡന്‌റ് തയ്യിപ് എര്‍ദോഗന്‍ എന്നിവരാണ് ഈ വിഷയത്തിലെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലും വലിയ വര്‍ധനവുണ്ടായിരുന്നു.