Asianet News MalayalamAsianet News Malayalam

പ്രളയവും നിപ്പയും ബാധിച്ചെങ്കിലും വന്‍ മുന്നേറ്റം നടത്തി കേരളം; നേടിയെടുത്തത് ഒന്നാം സ്ഥാനം !

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി നൂതനമായ പരിപാടികളാണ് കേരള ടൂറിസം നടത്തിയതെന്ന് സംസ്ഥാന ടൂറിസം വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും തങ്ങളെ അത് തളര്‍ത്തിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

Kerala Best Performing State in tourism, State of the States study report
Author
Thiruvananthapuram, First Published Dec 25, 2019, 11:04 AM IST

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനങ്ങളെ കണ്ടുപിടിക്കാനുള്ള സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്സ് (എസ്ഒഎസ്) പഠനത്തില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു. 
 
പരിസ്ഥിതി, ശുചിത്വം എന്നീ മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. ഇവയുള്‍പ്പെടെ 12 വികസന സൂചികകള്‍ കേന്ദ്രീകരിച്ച് പ്രമുഖ ഇംഗ്ലീഷ് മാസികയായ ഇന്ത്യ ടുഡെ ആണ് പഠനം നടത്തിയത്. 

ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണം, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, ജനസംഖ്യാനുപാതികമായുള്ള വിമാനത്താവളങ്ങളും റെയില്‍വെ സ്റ്റേഷനുകളും രജിസ്റ്റര്‍ ചെയ്ത ഹോട്ടലുകളും, കുറ്റകൃത്യങ്ങള്‍ എന്നിവയടക്കമാണ് പഠനവിധേയമാക്കിയിരുന്നത്. 

പ്രളയവും നിപ്പ രോഗബാധയും തുടര്‍ച്ചയായ രണ്ടു വര്‍ഷം കേരളത്തില്‍ ടൂറിസം മേഖലയെ ബാധിച്ചെങ്കിലും 2018-19 ല്‍ തലേവര്‍ഷത്തെ അപേക്ഷിച്ച് ടൂറിസത്തില്‍നിന്നുള്ള വരുമാനം 2874 കോടി രൂപ വര്‍ധിച്ച് 36,528 കോടിയിലെത്തിയിരുന്നു. 

സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതാണ് ടൂറിസം മേഖലയെന്നതിന് വിശ്വസനീയമായ തെളിവാണ് ഈ പഠനമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2018-ല്‍ നടന്ന ഇതേ പഠനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. ഈ മുന്നേറ്റം  കേരളത്തിലെ ടൂറിസം വ്യവസായം ശക്തമായി മാറിയിരിക്കുകയാണെന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

10.9 ലക്ഷം വിദേശികളടക്കം 2018-ല്‍ 167 ലക്ഷം വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 158 ലക്ഷം പേരാണ് തലേവര്‍ഷം സംസ്ഥാനം സന്ദര്‍ശിച്ചത്. 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി നൂതനമായ പരിപാടികളാണ് കേരള ടൂറിസം നടത്തിയതെന്ന് സംസ്ഥാന ടൂറിസം വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും തങ്ങളെ അത് തളര്‍ത്തിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

പുതിയ പഠനം കേരളത്തിന്‍റെ ടൂറിസം ആകര്‍ഷകത്വത്തിന് ഏറെ സഹായകരമാകുമെന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കരുത്തു നല്‍കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പകുതിയില്‍  14.81 ശതമാനം വളര്‍ച്ചയോടെ കേരള ടൂറിസം വിനോദസഞ്ചാര മേഖലയില്‍ മുന്നേറിയപ്പോള്‍  പ്രളയ പൂര്‍വസ്ഥിതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ  41.5 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ അപേക്ഷിച്ച് 15.05 വളര്‍ച്ച കൈവരിച്ച് ഇത്തവണ അവരുടെ എണ്ണം 47.7 ലക്ഷത്തിലെത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios