തിരുവനന്തപുരം: പൂര്‍വ്വേഷ്യയിലെ വികസിക്കുന്ന വിപണി ലക്ഷ്യമിട്ട് ആകര്‍ഷകമായ ഉല്‍പ്പന്നങ്ങളുമായി ചൈന, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ വ്യാപാര യോഗങ്ങളും റോഡ്ഷോകളും. കണ്ടിരിക്കേണ്ടതാണ് കേരളമെന്ന സന്ദേശം പ്രചരിപ്പിക്കുകയും കേരളമെന്ന ബ്രാന്‍ഡിനെ ഉയര്‍ത്തിക്കാട്ടുകയുമായിരുന്നു പരിപാടികളുടെ ലക്ഷ്യം. ഷാങ്ഹായിലേയും ബീജിംഗിലേയും വ്യാപാര യോഗങ്ങളില്‍ കേരളത്തിന്‍റെ സാധ്യതകളെക്കുറിച്ചും വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര ഉല്‍പ്പന്നങ്ങളെക്കുറിച്ചും ടൂറിസം സെക്രട്ടറി അവതരണം നടത്തി.

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. അക്യുനോ വിമല്‍ ബീജിംഗില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ ടൂറിസത്തിന്‍റെ പങ്കാളിത്തവുമുണ്ടായിരുന്നു. കേരളത്തിന്‍റെ പരിപാടിയില്‍ 84 ബയര്‍മാരും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഷാങ്ഹായിലെ റോഡ്ഷോയില്‍  ടൂര്‍ ഓപ്പറേറ്റര്‍മാരും കേരളത്തിന്‍റെ പ്രതിനിധികളും പങ്കെടുത്ത ബിസിനസ് സെഷനുകള്‍ നടത്തി. കേരള ടൂറിസം സിഐടിഎമ്മില്‍ സജ്ജമാക്കിയ വിശാലമായ പവലിയന്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചു. 
 
കേരള ടൂറിസത്തിന്‍റെ മികച്ച വിപണിയായി ചൈന മാറിയിരിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദൂര വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്ന ചൈനീസ് സഞ്ചാരികളെ   സംസ്ഥാനത്തിന്‍റെ ടൂറിസം സമ്പദ്‍വ്യവസ്ഥയ്ക്ക് കരുത്തേകുന്ന തരത്തില്‍ പാകപ്പെടുത്തുന്നതിന് ഫലപ്രദമായ പദ്ധതികള്‍ വേണം. ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്ന ഗൈഡുകളുടെ അഭാവം പരിഹരിക്കും. സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, കളരിപ്പയറ്റ്, ആയുര്‍വേദ സുഖചികിത്സ എന്നിവയിലൂന്നി നൂതന ഉല്‍പ്പന്നങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2017ല്‍ 7,113 ചൈനീസ് സഞ്ചാരികളാണ് കേരളത്തിലെത്തിയതെങ്കില്‍   2018ല്‍ ഇത് 9,630 ആയി. ചൈനീസ് സഞ്ചാരികള്‍ക്കുമുന്നില്‍ കേരളത്തെ അവതരിപ്പിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്ന്  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.