Asianet News MalayalamAsianet News Malayalam

ഡെന്‍മാര്‍ക്കിലും ഫിന്‍ലാന്‍ഡിലും കേരളത്തെ 'ടോപ്പാക്കാന്‍' കൂടുതല്‍ ഉല്‍പ്പന്നനിരയുമായി കേരള ടൂറിസം

യൂറോപ്പില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതും വിദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവരുടെയും മികച്ച വിപണിയാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍.

Kerala tourism plan to establish new tourism product range in Denmark Finland
Author
Thiruvananthapuram, First Published Nov 20, 2019, 11:05 AM IST

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഏറെ സഞ്ചാരികളെ എത്തിക്കുന്ന യൂറോപ്പിലെ  വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യുടിഎം) 2019ല്‍  ശക്തമായ സാന്നിധ്യമറിയിച്ച കേരളാ ടൂറിസം ഈമാസം നിരവധി റോഡ്ഷോകളിലും പങ്കെടുത്തു. ഡെന്‍മാര്‍ക്കിലേയും ഫിന്‍ലാന്‍ഡിലെയും വിപണികളില്‍ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍  അവതരിപ്പിച്ച് ശ്രദ്ധേയമാവുകയും ചെയ്തു. 

ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, ടൂര്‍ ഓപ്പറേറ്റര്‍, സേവനദാതാക്കള്‍ എന്നിവിടങ്ങളിലെ പ്രതിനിധികളുമടങ്ങിയ സംഘത്തെ ഡബ്ല്യുടിഎമ്മിലും കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്), ഹെല്‍സിങ്കി (ഫിന്‍ലാന്‍റ്) റോഡ്ഷോകളിലും ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ ആണ് നയിച്ചത്. 

അടുത്തിടെ പുറത്തിറക്കിയ 'ഹ്യൂമന്‍ ബൈ നേച്വര്‍' എന്ന നൂതന ഹ്രസ്വചിത്രത്തിലെ ആശയം പ്രമേയമാക്കി 120 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പവിലിയനാണ് കേരള ടൂറിസം ഡബ്ല്യുടിഎമ്മില്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ ജനങ്ങളേയും പ്രകൃതിഭംഗിയേയും കോര്‍ത്തിണക്കിയ മൂന്നു മിനിറ്റ് ചിത്രം ലണ്ടനില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. 

ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രമുഖ യാത്രാ പ്രസിദ്ധീകരണങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, ദീര്‍ഘദൂര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുമായി പവിലിയനില്‍ ചര്‍ച്ചകള്‍ നടന്നു. കേരള സംഘാംഗങ്ങള്‍ ഈ മേഖലകളിലെ പ്രതിനിധികളുമായി ബിസിനസ് ടു ബിസിനസ് മീറ്റിംഗുകളും നടത്തി.

ഡബ്ല്യുടിഎമ്മിന്‍റെ ഇന്‍സ്പിരേഷന്‍ സോണില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ടൂറിസം ഡയറക്ടര്‍ പങ്കെടുത്തു. പ്രളയത്തില്‍നിന്ന്  ആറുമാസംകൊണ്ട് കരകയറാന്‍ കേരളാ ടൂറിസം ഏറ്റെടുത്ത ദൗത്യങ്ങള്‍  അദ്ദേഹം അവതരിപ്പിച്ചു.

ലണ്ടനിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ മികച്ച ലക്ഷ്യസ്ഥാനമാകാനുള്ള കേരളത്തിന്‍റെ യോഗ്യതകള്‍ക്ക് ശക്തിയേകാന്‍ ഈ റോഡ്ഷോകളിലൂടെ കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യൂറോപ്പിലെ സഞ്ചാരപ്രിയരുടെ സുപ്രധാന വിപണിയായ സ്കാന്‍ഡിനേവിയന്‍ മേഖലയില്‍ ചുവടുറപ്പിക്കുന്നതിന് റോഡ്ഷോകള്‍ സഹായകമാകും. യൂറോപ്പില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ളതും വിദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവരുടെയും മികച്ച വിപണിയാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. കോപ്പന്‍ഹേഗിലേയും ഹെല്‍സിങ്കിയിലേയും  റോഡ്ഷോകള്‍  ഉയര്‍ന്ന ജീവിത നിലവാരവും വരുമാനം ഉയര്‍ന്നതോതില്‍ ചെലവഴിക്കുന്നതുമായ ഡെന്‍മാക്കിലേയും ഫിന്‍ലാന്‍റിലേയും വിപണി കീഴടക്കുന്നതിന് സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

2018ല്‍ 2,01,258 സഞ്ചാരികളെ  കേരളത്തിലെത്തിച്ച  ബ്രിട്ടനാണ് കേരളത്തിന്‍റെ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. പരമ്പരാഗത ബന്ധമുള്ള ബ്രിട്ടനെ മാത്രമല്ല വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയതും വികസിച്ചുവരുന്ന വിപണികളെക്കൂടി  ലക്ഷ്യമാക്കിയാണ്  റോഡ്ഷോകള്‍ നടത്തുന്നതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിന്‍റെ പൈതൃകവും പാരമ്പര്യവും സഞ്ചാരികളിലെത്തിക്കാന്‍ ഇത്തരം വേദികള്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.

നൂതന ടൂറിസം ഉല്‍പ്പന്നങ്ങളേയും സംസ്ഥാനത്തെ ലക്ഷ്യസ്ഥാനങ്ങളേയും അനാവരണം ചെയ്യുന്നതിനുള്ള അവസരമാണ് റോഡ്ഷോകള്‍ നല്‍കിയതെന്ന് ടൂറിസം ഡയറക്ടര്‍ പറഞ്ഞു. പശ്ചിമ യൂറോപ്പാണ് പ്രധാന വിപണി. കിഴക്കന്‍ യൂറോപ്പിലേക്കും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്കും വിപണി വികസിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഹെല്‍സിങ്കിയിലെ റോഡ്ഷോയില്‍ ടൂറിസം ഡയറക്ടര്‍ ഫിന്‍ലാന്‍റിലെ വ്യാപാരികള്‍ക്കുമുന്നില്‍  അവതരണം നടത്തി. കേരള സംഘാംഗങ്ങള്‍ക്ക് ആ രാജ്യത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായും യാത്രാ പ്രസിദ്ധീകരണങ്ങളുമായും സംവദിക്കുന്നതിനുള്ള അവസരം ലഭിച്ചു. ഫിന്‍ലാന്‍റിലെ  ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി  നിര്‍മല്‍ കുമാര്‍ ചൗധരി  മുഖ്യാതിഥിയായിരുന്നു.

കോപ്പന്‍ഹേഗനിലെ റോഡ്ഷോയില്‍ ഡെന്‍മാര്‍ക്കിലെ ഇന്ത്യന്‍ അംബാസിഡര്‍ അജിത് ഗുപ്തെ മുഖ്യ അതിഥിയായിരുന്നു. എയര്‍ ഇന്ത്യ ആയിരുന്നു പരിപാടിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍.

'ഗോ കേരള' മത്സരത്തോടെയായിരുന്നു ഈ രണ്ട് റോഡ്ഷോകളുടേയും സമാപനം. കേരളത്തില്‍ എട്ട് ദിവസം ചെലവഴിക്കുന്നതിനുള്ള 'ഗോ കേരള' സര്‍ട്ടിഫിക്കറ്റ് ജേതാക്കള്‍ക്ക് ലഭിച്ചു.  2018 ല്‍ 2,488 വിനോദസഞ്ചാരികളെത്തിയ ഫിന്‍ലാന്‍റും 7,851 സഞ്ചാരികളെത്തിയ ഡെന്‍മാര്‍ക്കും കേരളത്തിന്‍റെ വികസിച്ചുവരുന്ന വിപണികളാണ്.  

കഴിഞ്ഞമാസം പോളണ്ടിലെ വാര്‍സോയിലും ഹംഗറിയിലെ ബുഡാപെസ്റ്റിലും റോഡ്ഷോകള്‍ നടന്നു. 

Follow Us:
Download App:
  • android
  • ios