Asianet News MalayalamAsianet News Malayalam

'ഇടനാഴി' കൊച്ചിയിലെത്തിയാല്‍ മലയാളിക്കെന്ത് പ്രയോജനം? കോയമ്പത്തൂര്‍ -കൊച്ചി ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്

നിലവില്‍ രാജ്യത്തുളള പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയില്‍ അതിലേറെ ആനുകൂല്യങ്ങള്‍ സംരംഭകര്‍ക്ക് ലഭിക്കത്തക്ക രീതിയിലാകും ഇടനാഴി നടപ്പാക്കുക. 

kochi -Coimbatore industrial corridor
Author
Kochi, First Published Sep 19, 2019, 12:53 PM IST

കേരളത്തിന്‍റെ കോയമ്പത്തൂര്‍ -കൊച്ചി ഇടനാഴിക്ക് ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി. ചെന്നൈ -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഇനി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്കും നീളും. 

പുതിയതായി നിലവില്‍ വരുന്ന കോയമ്പത്തൂര്‍ -കൊച്ചി ഇടനാഴിയുടെ ഭാഗമായി രണ്ട് വന്‍ സംയോജിത ഉല്‍പാദന ക്ലസ്റ്ററുകളാണ് (ഐഎംസി) നിലവില്‍ വരാന്‍ പോകുന്നത്. ഒന്ന് പാലക്കാടും രണ്ടാമത്തേത് സേലത്തും. കൊച്ചി -സേലം ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റര്‍ നീളത്തിലാകും വ്യവസായശാലകള്‍ ഉയരാന്‍ പോകുന്നത്.  

നിലവില്‍ രാജ്യത്തുളള പ്രത്യേക സാമ്പത്തിക മേഖലകളുടെ മാതൃകയില്‍ അതിലേറെ ആനുകൂല്യങ്ങള്‍ സംരംഭകര്‍ക്ക് ലഭിക്കത്തക്ക രീതിയിലാകും ഇടനാഴി നടപ്പാക്കുക. ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐടി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയാകും കേരളത്തില്‍ വ്യവസായിക ഇടനാഴിയുടെ ഭാഗമായി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് 15,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. കുറഞ്ഞത് 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനും പദ്ധതി കാരണമാകും. 

വ്യവസായിക ഇടനാഴിക്ക് 2,000 മുതല്‍ 5,000 വരെ ഏക്കര്‍ വരെ സ്ഥലം ആവശ്യമാണെന്ന നിബന്ധനയുണ്ടെങ്കിലും കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതിന്‍റെ പരിധി 1,800 ഏക്കറായി കുറച്ചിട്ടുണ്ട്. പാലക്കാടിനെ ദേശീയ നിലവാരത്തിലുളള വ്യവസായ ഹബ്ബായി വികസിപ്പിക്കാനുളള അവസരമാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കൊച്ചി തുറമുഖത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനായാല്‍ ഐഎംസിക്ക് പുറത്തും സംരംഭങ്ങള്‍ക്ക് സാധ്യകകള്‍ ഉണ്ട്. വ്യവസായിക ഇടനാഴി ഉത്തര കേരളത്തിന്‍റെ സാമ്പത്തിക- വ്യവസായിക പുരോഗതിക്ക് വേഗത വര്‍ധിപ്പിക്കാന്‍ ഏറ്റവും ഗുണകരമായാ ഒന്നാണ്. കൊച്ചി തുറമുഖം, കൊച്ചി വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും ഇടനാഴി സഹായകമാകും. 

കേന്ദ്ര -കേരള സര്‍ക്കാരുകള്‍ സംയുക്തമായി രൂപീകരിക്കുന്ന പ്രത്യേക ദൗത്യ കമ്പനിക്കായിരിക്കും (എസ്‍പിവി) പാലക്കാട് ഐഎംസിയുടെ നടത്തിപ്പ് ചുമതല. കേന്ദ്ര സര്‍ക്കാര്‍ 870 കോടി രൂപ പദ്ധതിക്കായി മാറ്റിവയ്ക്കുമ്പോള്‍ ഭൂമി വിലയാണ് കമ്പനിയില്‍ കേരള സര്‍ക്കാരിന്‍റെ ഓഹരി. കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമി വ്യവസായ സൗഹാര്‍ദ്ദമാക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കും.  

വ്യവസായ ഇടനാഴിക്കായി കേരള സര്‍ക്കാര്‍ പാലക്കാട്, കണ്ണാമ്പ്ര, ഉഴലപ്പാതി, പുതുശ്ശേരി എന്നിവടങ്ങളിലായി 1,800 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പകുതിയോളം ഭൂമി കിന്‍ഫ്രയുടെ പക്കലാണ്. ബാക്കിയുളള ഭൂമി ഏറ്റെടുക്കാന്‍ ഉടന്‍ സര്‍ക്കാര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. 

Follow Us:
Download App:
  • android
  • ios