ദില്ലി: ഇന്ത്യയുടെ സമ്പദ് വളർച്ച 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ കഴിഞ്ഞ പാദത്തോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിപണിയെ ശക്തിപ്പെടുത്താൻ പുതിയ നടപടി കേന്ദ്രം സ്വീകരിച്ചത്.

രാജ്യത്തെ 25 മുൻനിര കമ്പനികളുടെ അടുത്ത് ഒരു അഭ്യർത്ഥനയുമായി ചെല്ലുകയാണ് കേന്ദ്രസർക്കാർ. ടാറ്റ, റിലയൻസ്, ബിർള, മഹീന്ദ്ര, അദാനി, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ അടുത്താണ് കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്. ഇവരുടെ നിലവിലെ നിക്ഷേപ പ്ലാനുകൾ വിശദമായി പരിശോധിച്ച് എവിടെയെങ്കിലും തടസം നേരിടുന്നുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.

കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ ആവശ്യവുമായി വൻകിട കമ്പനികളെ കാണാൻ പോകുന്നത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവരുമായി ഇതിനോടകം കേന്ദ്രസർക്കാർ ചർച്ച നടത്തിയിരുന്നു. വിപണിയിൽ നിക്ഷേപങ്ങൾ ഉയർത്തി കൂടുതൽ ക്രിയാത്മകമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.