മുംബൈ: അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.7 ശതമാനമായിരിക്കുമെന്നും മൂഡിസ് കണക്കാക്കുന്നു. സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത് 3.3 ശതമാനമാണ്. മന്ദഗതിയിലുള്ള വളര്‍ച്ചാനിരക്കും കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതുമാണ് ഇതിന് കാരണമായി മൂഡിസ് പറയുന്നത്. മൂഡിസിന്‍റെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഗ്രേഡ് സ്‌കോറായ Baa2 ആണ് കറന്‍സി റേറ്റിങ്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച കാഴ്ചപ്പാട് സുസ്ഥിരം എന്നതില്‍ നിന്ന് നെഗറ്റീവിലേക്ക് മൂഡിസ് മാറ്റുകയും ചെയ്തു. 

ബാങ്കിങ് മേഖലയില്‍ ആരംഭിച്ച പ്രതിസന്ധി റീട്ടെയില്‍ ബിസിനസുകള്‍, കാര്‍ നിര്‍മ്മാതാക്കള്‍, ഗാര്‍ഹിക വില്‍പ്പന,  വ്യവസായങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ചതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുത്തനെ ഇടിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കാണ്.  ഇനി എട്ട് ശതമാനത്തിന് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സുസ്ഥിര വളര്‍ച്ചയ്ക്ക് സാധ്യത കുറവാണെന്ന് മൂഡിസ് പറയുന്നു. സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക് നീണ്ടുനില്‍ക്കുന്നത് വരുമാനം മെച്ചപ്പെടുത്തുന്നതിന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെയും വേഗത കുറയ്ക്കും. ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപവളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള നയങ്ങളെയും ഇത് ബാധിക്കും- മൂഡിസ് സോവറിന്‍ റിസ്‌ക് ഗ്രൂപ്പ് വൈസ് പ്രസ്ഡന്റ് വില്യം ഫോസ്റ്റര്‍ പറഞ്ഞു.

മൂഡിസ് റേറ്റിങ് വന്നതോടെ ഓഹരി വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. സൈന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 40.553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. റേറ്റിങ് താഴ്ന്നത് സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഈ വര്‍ഷം അഞ്ച് തവണ റിസര്‍വ് ബാങ്ക് പലിശാനിരക്ക വെട്ടിക്കുറച്ചെങ്കിലും ഇതിന്‍റെ പ്രതിഫലനം സമ്പദ്ഘടനയിലുണ്ടാകുന്നില്ല. ഉപഭോക്തൃ വായ്പകളുടെ പ്രധാന സ്രോതസ്സായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയിലെ ക്രെഡിറ്റ് പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നല്ലെന്നും മൂഡീസ് വ്യക്തമാക്കി.

നിക്ഷേപകര്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പന്ന ഡാറ്റ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും മറ്റൊരു നെഗറ്റീവ് ഷിഫ്റ്റിന് കാരണമാകുമെന്ന് മൂഡീസ് അഭിപ്രായപ്പെടുന്നു.  കൂടുതല്‍ സ്വകാര്യവത്കരണം നടത്തുന്നത് വഴി സാമ്പത്തിക അച്ചടക്കം പാലിക്കാനും ചെലവ് കുറയ്ക്കാനും സര്‍ക്കാരിനു കഴിയും. ഇതൊരു നെഗറ്റീവ് കാഴ്ചപ്പാടായതിനാല്‍ ആലോചിച്ചുമാത്രം തീരമാനമെടുക്കേണ്ട വിഷയമാണിത് എമേര്‍ജിങ് മാര്‍ക്കറ്റ് ഡെബ്റ്റ് ഡയറ്കടര്‍ ഷമൈല ഖാന്‍ പറഞ്ഞു.