ദില്ലി: കരാര്‍ ഉല്‍പാദനത്തിനും കല്‍ക്കരി ഖനി മേഖലയിലെ ഖനനത്തിനും 100 ശതമാനം വിദേശ നിക്ഷേപത്തിനാണ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏക ബ്രാന്‍ഡ് ചില്ലറ വില്‍പന രംഗത്ത് ഇന്ത്യയില്‍ ഷോപ്പുകള്‍ തുടങ്ങാതെ തന്നെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാനും ഇനി സാധിക്കും. 

അച്ചടി മാധ്യമ രംഗത്തേതിന് സമാനമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് 26 ശതമാനം മുതല്‍മുടക്കിനും ഇനി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സാധിക്കും. ബിസിനസിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സമീപനം മാറിക്കിട്ടാന്‍ ഈ നയം ഉപകരിക്കുമെന്ന് സിഐഐ കേരള (കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കേരള) മുന്‍ ചെയര്‍മാന്‍ പി ഗണേശ് അഭിപ്രായപ്പെട്ടു. 'വിദേശ നിക്ഷേപത്തില്‍ കുറവുണ്ടായി എന്ന് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്. 100 ശതമാനം പ്രദേശിക ബിസിനസ്സുകളെ മറികടന്ന് നിക്ഷേപം നടത്തി മുന്നോട്ടുപോകാമെന്നത് സാധ്യമാകുന്ന കാര്യമല്ല. പ്രാദേശിക ബിസിനസ്സുകളുടെ സഹായത്തോടെ മാത്രമേ ഈ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ. തദ്ദേശീയ ബിസിനസ്സുകളുടെ വളര്‍ച്ചയ്ക്കായുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സൂഷ്മ- ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം.' പി ഗണേശ് അഭിപ്രായപ്പെട്ടു. 

വിദേശ നിക്ഷേപ നയങ്ങളില്‍ വരുത്തിയ ഇളവുകള്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. വിദേശത്ത് നിന്ന് നേരിട്ടുളള മുതല്‍ മുടക്ക് പ്രോത്സാഹിപ്പിക്കാന്‍ ഈ നടപടി ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളില്‍ ചിലത് കഴിഞ്ഞ കേന്ദ്രബജറ്റിന്‍റെ ആവര്‍ത്തനമായിരുന്നു. കല്‍ക്കരി മേഖലയില്‍ കല്‍ക്കരിയുടെ വില്‍പ്പന, അതിന്‍റെ സംസ്കരണം, തുടങ്ങിയ അനുബന്ധ മേഖലകളിലും 100 ശതമാനം വിദേശ നിക്ഷേപം നടത്താമെന്നും പിയൂഷ് ഗോയാല്‍ പറഞ്ഞു. 

പുതിയ നയം വരുന്നതോടെ രാജ്യത്തെ ചെറിയ കടകള്‍ ലോജിസ്റ്റിക്സ് സെന്‍ററുകളായി മാറും. അവ വലിയ സപ്ലേ ചെയിനിന്‍റെ ഒരു ഭാഗമായി തീരുകയും ചെയ്യും. ഇനി രാജ്യത്തുണ്ടാകാന്‍ പോകുന്നത് ഈ വലിയ മാറ്റമാകുമെന്നും പി ഗണേശ് പറഞ്ഞു. 

ഏക ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കണമെങ്കില്‍ ഉല്‍പാദനത്തിനുളള 30 ശതമാനം വസ്തുക്കള്‍ ഇന്ത്യയില്‍ നിന്നുതന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്ക് മാത്രമല്ല, കയറ്റുമതിക്കായി നടത്തുന്ന ഉല്‍പാദനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാങ്ങലുകള്‍ കണക്കിലെടുത്താകും 30 ശതമാനം തിട്ടപ്പെടുത്തുക. ഇത്തരം കമ്പനികള്‍ക്കായി കരാറുകാര്‍ നടത്തുന്ന വാങ്ങലുകളും 30 ശതമാനത്തില്‍ ഉള്‍പ്പെടും. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്ക് കടക്കുന്ന കമ്പനികള്‍ വ്യാപാരം ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം  ഇന്ത്യയില്‍ കടകള്‍ തുടങ്ങുകയും വേണം.