Asianet News MalayalamAsianet News Malayalam

പോളിമറാക്കുക, പിന്നെ പ്ലാസ്റ്റിക്കിനെ പേടിക്കേണ്ട !; പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കാന്‍ നൂതന മാര്‍ഗവുമായി കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്

സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് കേന്ദ്രം എക്കാലത്തും കേരളത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. 

new technology to control issues due to plastic disposal
Author
Cochin, First Published Nov 1, 2019, 2:29 PM IST

കൊച്ചി: പ്ലാസ്റ്റിക്കിനെ പോളിമര്‍ ആക്കുകയാണ് പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള മാര്‍ഗമെന്ന് കേന്ദ്ര രാസവളം വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ. മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ കൊച്ചി കേന്ദ്രത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ടെക്‌നോളജിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രരാസവളമന്ത്രാലയത്തിന് കീഴിലുള്ള സിപെറ്റിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തത്തിൽ 24.90 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണിതത്. പോളിമർ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക സജ്ജീകരണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ടെക്നോളജിയിലുള്ളത്. പ്ലാസ്റ്റിക്കിനെ പോളിമര്‍ ആക്കി മാറ്റി അത് ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനുളള സാങ്കേതിക വിദ്യയില്‍ കേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് കേന്ദ്രം എക്കാലത്തും കേരളത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവും നിയന്ത്രണവും സംബന്ധിച്ച സര്‍ക്കാർ നിലപാടിൽ ചിലർ ആശയക്കുഴപ്പം ഉണ്ടാക്കി. ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക്കാണ് പ്രശ്‌നം. പുനരുപയോഗമാണ് വേണ്ടത്. പ്ലാസ്റ്റിക്കിനെ പോളിമര്‍ ആക്കി മാറ്റിയാൽ പ്രശ്‌നങ്ങൾ കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാർ സ്ഥാപിച്ച 37 സിപെറ്റുകളിലൂടെ രാജ്യത്താകെ ആയിരക്കണക്കിന് പേര്‍ക്ക് ഇതുവരെ ജോലി ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ സിപെറ്റ് വഴി 5000 പേര്‍ക്ക് ജോലി നല്‍കി. പഠിപ്പുകഴിഞ്ഞാലുടന്‍ ജോലി ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് സിപെറ്റെന്നും മന്ത്രി സദാനന്ദഗൗഡ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ലഭിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയില്‍ സിപെറ്റിനേയും ചേര്‍ക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios