ദില്ലി: സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാൻ സർക്കാരിന്‍റെ കൈവശം മാന്ത്രിക വടി ഇല്ലെന്നും അത് പരിഹാരത്തിനായി വ്യവസായ മേഖലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ശ്രദ്ധിക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) ) 2019 ഏപ്രിൽ-ജൂൺ പാദത്തില്‍ അഞ്ച് ശതമാനമായി താഴ്ന്നതിനെപ്പറ്റിയുളള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി, 2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. 

യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന, മൂലധന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, ഉപഭോക്തൃ ഉപകരണങ്ങൾ, ഉരുക്ക് -സിമൻറ് എന്നിവയുടെ ഉല്‍പാദനം, വിമാന യാത്രികരുടെ വരവ് തുടങ്ങിയവയില്‍ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ വലിയ സങ്കോചം അല്ലെങ്കിൽ മോശം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഞങ്ങൾ വ്യവസായ ആവശ്യകതകളോട് പ്രതികരിക്കുന്നു. ഓരോ വ്യവസായ മേഖലയിലും ആവശ്യമായത് മേഖലാടിസ്ഥാനത്തിൽ സര്‍ക്കാര്‍ ചെയ്യുമെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു. 

ബിസിനസ്സ് നേതൃത്വങ്ങളുമായി ആലോചിച്ച ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്, അത്തരം സംഭാഷണങ്ങൾ തുടരുമെന്നും ഓഗസ്റ്റ് 23 ന് പ്രഖ്യാപിച്ച ഉത്തേജക പാക്കേജിനെയും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച്  വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ (എഫ്ഡിഐ) ഇളവുകളെ പരാമർശിച്ച് അവർ പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്റെ അനൗപചാരിക മേഖലകളിൽ അനേകം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. രാജ്യത്തെ തൊഴിൽ സംബന്ധിച്ച ദേശീയ സാമ്പിൾ സർവേ ഓഫീസിലെ (എൻ‌എസ്‌എസ്ഒ) റിപ്പോർട്ടിനെ പരാമർശിച്ച് അവർ പറഞ്ഞു.