ദില്ലി: ഇത്രനാൾ ഉള്ളിവിലയെ കുറിച്ചാണ് ആശങ്കപ്പെട്ടതെങ്കിൽ ഇനിയങ്ങോട്ട് പച്ചക്കറി വിലയെ കുറിച്ച് മുഴുവൻ ആശങ്കപ്പെടാം. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായെന്നാണ് ഇന്ന് പുറത്ത് വന്ന റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്ത് വിട്ട കണക്കിലാണ് ഇതുള്ളത്.

ചില്ലറ വ്യാപാര രംഗത്തെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 5.54 ശതമാനമാണ് നവംബറിലെ നിരക്ക്. ഒക്ടോബറിൽ ഇത് 4.62 ശതമാനമായിരുന്നു. 
ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രണ്ടക്കത്തിലെത്തിയെന്ന് ദേശീയ സ്റ്റാറ്റിറ്റിക്കൽ ഓഫീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. നവംബറിൽ ഇത് 10.01% ശതമാനമായി ഉയര്‍ന്നു. പച്ചക്കറി ഉൽപ്പന്നങ്ങളുടെ വില 5.40 ശതമാനത്തിൽ നിന്ന് 36 ശതമാനമായി ഉയര്‍ന്നു.  പഴവര്‍ഗങ്ങളുടെ കാര്യത്തിൽ വിലക്കയറ്റം 0.83 ശതമാനത്തിൽ നിന്ന് 4.08 ശതമാനമായി ഉയര്‍ന്നു.

സെപ്തംബ‍ര്‍ മുതൽ പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് രാജ്യത്തെമ്പാടും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്തംബറിൽ 5.40 ശതമാനമായിരുന്നു വിലക്കയറ്റം. നവംബറായപ്പോഴേക്കും ഇത് 36 ശതമാനമായി.