ദില്ലി: ഉള്ളിയുടെ വിലക്കയറ്റത്തിന് ഇറക്കുമതിയിലൂടെ പരിഹാരം കാണാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ്. ഉള്ളി ഇറക്കുമതി സുഗമമാക്കുന്നതിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശമായി വകുപ്പ് കൈമാറിയത്. ഇതോടൊപ്പം ഉള്ളിയുടെ ഗുണമേന്മ ഉറപ്പാക്കാനും വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. 

രാജ്യത്തെ നിലവിലെ ഉള്ളിയുടെ വിലയും ലഭ്യതയും വകുപ്പ് ഒരു അന്തർ മന്ത്രാലയ സമിതി വഴി അവലോകനം ചെയ്തു. അഫ്‍ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി.  

നവംബർ നാലോടെ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ വരെ ഉയർന്നതിനെത്തുടർന്ന് ദില്ലി സർക്കാരിന് പരമാവധി അളവ് നൽകാൻ നാഫെഡിന് നിർദ്ദേശം നൽകി.  

യോഗത്തിൽ കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഹോർട്ടികൾച്ചർ കമ്മീഷണർ നാഫെഡ്, മദർ ഡയറി, കേന്ദ്രഭണ്ഡർ, ദില്ലി സർക്കാർ പ്രതിനിധി, എപിഎംസി ആസാദ്പൂരിലെ പ്രതിനിധി, ഉപഭോക്തൃ കാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രധാനമായും മഴയും രണ്ട് ചുഴലിക്കാറ്റുകളുമാണ് ഉള്ളി വിതരണത്തില്‍ തടസ്സത്തിന് കാരണമെന്ന് യോഗത്തിൽ അധികൃതർ വിലയിരുത്തി, വരും ദിവസങ്ങളിൽ ഇത് മെച്ചപ്പെടുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. 

രാജ്യത്ത് മൊത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്‍റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ മൊത്ത വിപണിയിൽ ഓഗസ്റ്റ് തുടക്കത്തിൽ കിലോയ്ക്ക് ശരാശരി 13 രൂപയിൽ നിന്ന് ഇപ്പോൾ 55 രൂപയായും ചില്ലറ വിൽപ്പന വില 20 രൂപയിൽ നിന്ന് 80 രൂപയായും കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരക്ക് നാലിരട്ടിയായി ഉയർന്നു.