Asianet News MalayalamAsianet News Malayalam

സെഞ്ച്വറിയടിക്കാന്‍ ഉള്ളിവില, വിപണിയില്‍ പ്രതിസന്ധി കനക്കുന്നു: ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടലുകള്‍

ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 80 ലേക്കും വില നിലവാരം ഉയര്‍ന്നു. രാജ്യത്ത് മൊത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്‍റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. 

onion price may touch rs 100 per kilogram, crisis situation arise in Indian market
Author
Thiruvananthapuram, First Published Nov 5, 2019, 2:17 PM IST

ഹോട്ടലിലെ കറികളില്‍ ഉള്ളി (സവാള) കുറവാണെന്ന് പരാതി പറഞ്ഞവരോട്, 'ഉള്ളിക്കിപ്പോള്‍ കിലോയ്ക്ക് 80 രൂപയാണ് സാര്‍' എന്ന മറുപടിയാണ് തലസ്ഥാനത്തെ പല ഭക്ഷണശാലകളില്‍ നിന്നും ലഭിക്കുന്നത്. കേരളത്തിന്‍റെ തലസ്ഥാന നഗരത്തില്‍ മിക്കയിടത്തും സവളയ്ക്ക് കിലോയ്ക്ക് 80 രൂപയാണ് ചില്ലറ വില്‍പ്പന നിരക്ക്. സവാളയ്ക്കൊപ്പം തക്കാളി, ചെറിയ ഉള്ളി, ചേന, വെളുത്തുള്ളി എന്നിവയ്ക്കും വില ഉയര്‍ന്നു.

കേരളത്തിലേക്കുളള അന്യസംസ്ഥാനങ്ങളില്‍ നിന്നുളള പച്ചക്കറിയുടെ വരവിലും കുറവുളളതായി വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവടങ്ങളിലെ കനത്ത മഴകാരണം വലിയ തോതില്‍ കൃഷി നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 60 രൂപയായിരുന്ന സവാളയുടെ വില ഇന്ന് 80 രൂപയിലേക്ക് കയറിയപ്പോള്‍. തക്കാളി കിലോയ്ക്ക് 30 ആയിരുന്നത് 40 രൂപയിലേക്ക് വര്‍ധിച്ചു. 

ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 80 ലേക്കും വില നിലവാരം ഉയര്‍ന്നു. രാജ്യത്ത് മൊത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്‍റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

onion price may touch rs 100 per kilogram, crisis situation arise in Indian market

20 ല്‍ നിന്ന് 80 ലേക്ക് കുതിച്ചുകയറി

ഒരാഴ്ച മുന്‍പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് വില കുറയുന്നതിന്‍റെ സൂചനകള്‍ കണ്ടിരുന്നു. എന്നാല്‍, മൂന്ന് ദിവസം മുന്‍പ് വിലയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

മഹാരാഷ്ട്രയിലെ മൊത്ത വിപണിയിൽ ഓഗസ്റ്റ് തുടക്കത്തിൽ കിലോയ്ക്ക് ശരാശരി 13 രൂപയിൽ നിന്ന് ഇപ്പോൾ 55 രൂപയായും ചില്ലറ വിൽപ്പന വില 20 രൂപയിൽ നിന്ന് 80 രൂപയായും കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരക്ക് നാലിരട്ടിയായി ഉയർന്നു.

കഴിഞ്ഞ വർഷത്തെ ഉൽ‌പാദനത്തിൽ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടായത്, രാജ്യത്തുടനീളമുള്ള കാലാനുസൃതമല്ലാത്ത മഴ മൂലമുളള വിളനാശം, സർക്കാരുകളുടെ വില നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്നിവയാണ് വ്യാപാരികൾ ഉള്ളി വില കൂടാനുണ്ടായ കാരണങ്ങളായി പറയുന്നത്. "ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴ മൂലം ഖാരിഫ് വിളയുടെ വ്യാപകമായ നാശനഷ്ടമുണ്ടായി. ഇതോടെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ച ആദ്യഘട്ട ഉള്ളി വലിയ തോതില്‍ കേടായി. അതിനാൽ, ഒക്ടോബർ രണ്ടാം വാരത്തില്‍ വിപണികളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഉള്ളി വിതരണത്തില്‍ വലിയ ഇടിവുണ്ടായി. ഇതേത്തുടര്‍ന്ന് ഉള്ളി വില തുടർച്ചയായി ഉയരുകയാണ്", മഹാരാഷ്ട്രയിലെ ലസൽഗാവ് എപിഎംസി ചെയർമാൻ ജയ്ദത്ത ഹോൾക്കർ പറഞ്ഞു.

ഉള്ളി കയറ്റുമതി നിരോധിക്കുകയും ആഭ്യന്തര വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയും ചെയ്ത ശേഷം ഉപഭോക്തൃകാര്യ വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും വില നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലയെന്നതാണ് വിപണിയിലെ വിലക്കയറ്റം നല്‍കുന്ന സൂചന. 
 

Follow Us:
Download App:
  • android
  • ios