Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന് മിണ്ടാട്ടമില്ല !, നാലാം മാസത്തിലും പണം കിട്ടാതെ കേരളം; കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും

നഷ്ടപരിഹാരത്തിന് ആവശ്യമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ശേഷമാണ് ജിഎസ്ടിയിൽ അംഗമാകാൻ സംസ്ഥാനങ്ങൾ സമ്മതിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് വൈകിയതിനാൽ സംസ്ഥാനം ഗണ്യമായി ദുരിതമനുഭവിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. 

Payment dispute between Center and States, Kerala finance minister's response
Author
Thiruvananthapuram, First Published Dec 2, 2019, 5:46 PM IST

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച പ്രശ്നങ്ങളില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നവംബറിലെ ജിഎസ്ടി വരുമാനം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിരുന്നു. മൊത്തം 1.03 ലക്ഷം കോടിയാണ് ജിഎസ്ടിയില്‍ നിന്നും വരുമാനമായി സര്‍ക്കാരിന് കഴിഞ്ഞ മാസം ലഭിച്ചത്. നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശികയായി നല്‍കാനുളള തുക വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

നികുതി വരുമാനം വര്‍ധിച്ചിട്ടും കേരളത്തിന് ലഭിക്കാനുളള ജിഎസ്ടി വിഹിതം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ധനമന്ത്രി ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.  "കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നഷ്ടപരിഹാരം കുടിശ്ശിക സംബന്ധിച്ച തർക്കം ചർച്ച ചെയ്യുന്നതിന് ജിഎസ്ടി കൗൺസിൽ എത്രയും വേഗം വിളിക്കണം. കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുളള പേയ്‌മെന്‍റില്‍ വീഴ്ച വരുത്തി. നഷ്ടപരിഹാരം ദ്വൈമാസ തവണകളായി നൽകണമെന്ന് നിയമം പറയുന്നു. ഇന്ന് ഞങ്ങൾ പണം ലഭിക്കാതെ നാലാം മാസത്തിലേക്ക് പ്രവേശിക്കുന്നു". തോമസ് ഐസക് തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. കഴിഞ്ഞ മാസം ജിഎസ്ടി കുടിശ്ശിക തീര്‍പ്പക്കണമെന്ന് പശ്ചിമ ബംഗാൾ, കേരളം, ദില്ലി, രാജസ്ഥാൻ, പഞ്ചാബ് എന്നീ ധനകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

ജിഎസ്ടി കുടിശ്ശിക നല്‍കണമെന്ന് നിരവധി തവണ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍, വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1,600 കോടി രൂപയാണ് നല്‍കാനുളളത്. ഒക്ടോബര്‍ 31 ന് അവസാനിച്ച ദ്വൈമാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഡിസംബര്‍ മാസം ആരംഭിച്ചിട്ടും ഈ കുടിശ്ശിക നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കുന്നു. ഈ മാസവും വിഹിതം ലഭിക്കാതെ വന്നാല്‍ മറ്റൊരു ദ്വൈമാസം കൂടി പൂര്‍ത്തിയാകുന്നതിനാല്‍ കുടിശ്ശിക വീണ്ടും വലിയ രീതിയില്‍ വര്‍ധിക്കും. ജിഎസ്ടിയുടെ സംസ്ഥാന വിഹിതം ലഭിക്കാതെ വന്നാല്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. 

Payment dispute between Center and States, Kerala finance minister's response

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച വിശദമായ ചര്‍ച്ചയ്ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി പശ്ചിമ ബംഗാൾ, കേരളം, ദില്ലി, രാജസ്ഥാൻ, പഞ്ചാബ് ധനമന്ത്രിമാര്‍ നാളെ സംയുക്ത കൂടിക്കാഴ്ച നടത്തും. 

കേന്ദ്രം ഉറപ്പ് ലംഘിച്ചു

"കാലതാമസത്തിന് ഒരു വിശദീകരണവും നൽകിയിട്ടില്ല. തൽഫലമായി, സംസ്ഥാനങ്ങൾ ധനകാര്യങ്ങളിൽ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്, സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ ഓവർ ഡ്രാഫ്റ്റുകളും അവലംബിക്കുന്നു,” കഴിഞ്ഞ മാസം സംസ്ഥാന ധനമന്ത്രിമാര്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്റെ 60 ശതമാനവും ജിഎസ്ടിയിൽ ഉണ്ടെന്ന് വിശദീകരിച്ച ധനമന്ത്രിമാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പദ്ധതികളെ സാരമായി ബാധിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. “ഇത്തരം വലിയ കമ്മിക്ക് ബജറ്റ്, ആസൂത്രണ പ്രക്രിയകൾ എന്നിവ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലാക്കുന്ന നടപടിയാണിത്,” പ്രസ്താവനയിൽ പറയുന്നു. ജിഎസ്ടി നടപ്പാക്കലുമായി സംസ്ഥാനങ്ങൾ മുന്നോട്ട് പോയതിന് പിന്നാലെ ജിഎസ്ടി നഷ്ടപരിഹാരം കൃത്യസമയത്ത് നൽകുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നതാണെന്ന് സംസ്ഥാന ധനമന്ത്രിമാര്‍ വ്യക്തമാക്കി. അതേസമയം, തടസ്സമില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ ഇന്ന് ആശങ്കയിലാണ്. 

നഷ്ടപരിഹാരത്തിന് ആവശ്യമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ശേഷമാണ് ജിഎസ്ടിയിൽ അംഗമാകാൻ സംസ്ഥാനങ്ങൾ സമ്മതിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് വൈകിയതിനാൽ സംസ്ഥാനം ഗണ്യമായി ദുരിതമനുഭവിക്കുകയാണെന്നും പഞ്ചാബ് ധനമന്ത്രി മൻ‌പ്രീത് ബാദൽ പറയുന്നു. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും ഉൾപ്പെടെ മൊത്തം 4,100 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. 

ക്ഷേമപദ്ധതിക്ക് പണമില്ലാതെ സംസ്ഥാനങ്ങള്‍

ക്ഷേമപദ്ധതികൾ നടപ്പാക്കാൻ പണമില്ലെന്നും പഞ്ചാബ് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് വൈകിയത് പല സംസ്ഥാനങ്ങളെയും കടം വാങ്ങാനും കടബാധ്യത ഉയരുന്നതിനും കാരണമായി. 1,500 രൂപ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നൽകിയിട്ടില്ലെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര കണക്ക് സഹിതം പറയുന്നു. നിരവധി വെല്ലുവിളികൾക്കിടയിലും ചരക്ക് സേവന നികുതി കൗൺസിലിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും സംസ്ഥാനങ്ങൾ പിന്തുണ നൽകിയിട്ടുണ്ടെന്നും സംസ്ഥാന ധനമന്ത്രിമാർ പറഞ്ഞു.

Payment dispute between Center and States, Kerala finance minister's response

ഇനിയും കാലതാമസം നേരിടുന്നത് ധനപരമായ ലക്ഷ്യങ്ങളെ സാരമായി ബാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രിമാർ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമണിനോട് കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തിൽ സമയബന്ധിതമായി ജിഎസ്ടി നഷ്ടപരിഹാരത്തിനായി "ആരോഗ്യകരമായ സംവിധാനം" സംബന്ധിച്ച് ചർച്ച നടത്തണമെന്നും അവർ ജിഎസ്ടി കൗൺസിലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജിഎസ്ടിക്ക് ഭാഗ്യമാസമായി നവംബര്‍

ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാ‌ണ് നവംബര്‍ മാസത്തിലുണ്ടായത്. ഒക്ടോബറില്‍ 95,380 കോടിയായിരുന്നു ജിഎസ്ടിയില്‍ നിന്നുളള വരുമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 97,637 കോടിയായിരുന്നു. മാസം ഒരു ലക്ഷം കോടി രൂപ വരുമാനം നേടിയെടുക്കുകയെന്നതാണ് ജിഎസ്ടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നവംബറില്‍ നേടിയെടുക്കാന്‍ ജിഎസ്ടി സംവിധാനത്തിനായി. 

ആകെ വരുമാനമായി ലഭിച്ച 1,03,492 കോടിയില്‍ 19,592 കോടി രൂപ സിജിഎസ്ടി (കേന്ദ്ര ജിഎസ്ടി) സംഭാവനയാണ്. 27,144 കോടി രൂപ എസ്‍ജിഎസ്ടിയിലൂടെ (സംസ്ഥാന ജിഎസ്ടി) ലഭിച്ചതാണ്. 49,028 കോടി രൂപ ഐജിഎസ്ടി (സംയോജിത ജിഎസ്ടി) വിഹിതമായും പിരിഞ്ഞുകിട്ടി. ഐജിഎസ്ടിയില്‍ 20,948 കോടി രൂപ ഇറക്കുമതിയില്‍ നിന്ന് ലഭിച്ചതാണ്. സെസ്സില്‍ നിന്ന് 7,727 കോടിയും പിരിഞ്ഞുകിട്ടി (869 കോടി ഇറക്കുമതി സെസ്സാണ്). ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാസ നികുതി വരുമാനമാണിത്. 

Follow Us:
Download App:
  • android
  • ios