ഇലക്ടറൽ ബോണ്ടുകളില്‍ ഏറിയ പങ്കും പത്ത് ലക്ഷത്തിന്‍റെയും ഒരു കോടിയുടെയും: വിവരാവകാശ രേഖ പുറത്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 2:34 PM IST
political parties got donations through electoral bonds, rti report published
Highlights

പത്ത് ലക്ഷം രൂപ മൂല്യമുളള 1,459 ബോണ്ടുകള്‍ ദാതാക്കള്‍ വാങ്ങിയപ്പോള്‍, ഒരു കോടി രൂപയുടെ 1,258 ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്കില്‍ നിന്നും വാങ്ങിയത്. എന്നാല്‍, ഒരു ലക്ഷം രൂപ മൂല്യമുളള 318 ബോണ്ടുകളും, 10,000 രൂപയുടെ 12 ബോണ്ടുകളും 1,000 രൂപ മൂല്യമുളള 24 ബോണ്ടുകളും മാത്രമാണ് ആകെ വിറ്റുപോയത്. 


ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറൽ ബോണ്ടുകള്‍ വഴി ലഭിച്ച സംഭവനയില്‍ ഏറിയ പങ്കും പത്ത് ലക്ഷത്തിന്‍റെയും ഒരു കോടിയുടെയും മൂല്യമുളളവ. 2018 മാര്‍ച്ചിനും 2019 ജനുവരി 24 നും ഇടയിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുളള വിവരങ്ങളാണിത്. സംഭാവനയായി ലഭിച്ച ബോണ്ടുകളില്‍ 99.8 ശതമാനവും പത്ത് ലക്ഷത്തിന്‍റെയും ഒരു കോടിയുടെയും മൂല്യമുളളതാണ്. 

സാമൂഹിക സേവന രംഗത്ത് സജീവമായ ചന്ദ്രശേഖര്‍ ഗൗഡയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിവരാവകാശ രേഖയ്ക്ക് ലഭിച്ച് മറുപടിയിലാണ് ഇക്കാര്യങ്ങളുളളത്. ദാതാക്കള്‍ വാങ്ങിയ ബോണ്ടുകളുടെ ആകെ മൂല്യം 1,407.09 കോടി രൂപയാണ്. ഇതില്‍ 1,403.90 കോടി രൂപയുടെ ബോണ്ടുകള്‍ പത്ത് ലക്ഷത്തിന്‍റെയും ഒരു കോടി രൂപയുടെയും മൂല്യമുളളവയാണ്.

പത്ത് ലക്ഷം രൂപ മൂല്യമുളള 1,459 ബോണ്ടുകള്‍ ദാതാക്കള്‍ വാങ്ങിയപ്പോള്‍, ഒരു കോടി രൂപയുടെ 1,258 ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്കില്‍ നിന്നും വാങ്ങിയത്. എന്നാല്‍, ഒരു ലക്ഷം രൂപ മൂല്യമുളള 318 ബോണ്ടുകളും, 10,000 രൂപയുടെ 12 ബോണ്ടുകളും 1,000 രൂപ മൂല്യമുളള 24 ബോണ്ടുകളും മാത്രമാണ് ആകെ വിറ്റുപോയത്. 

ഇലക്ടറൽ ബോണ്ടുകളിലൂടെ 1,395.89 കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയെടുത്തത്. തന്‍റെ വിവരാവകാശ അപേക്ഷയില്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, എത്രയൊക്കെ പണം ലഭിച്ചുവെന്ന ചോദ്യത്തിന് ആര്‍ടിഐ നിയമത്തിന്‍റെ സെക്ഷന്‍ 8 (1) (ഇ), (ജെ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മറുപടി നല്‍കാനാകില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് അറിയിച്ചു. അഞ്ച് മൂല്യങ്ങളിലാണ് സ്റ്റേറ്റ് ബാങ്ക് പ്രധാനമായും ഇലക്ടറൽ ബോണ്ടുകള്‍ വില്‍ക്കുന്നത്. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ മൂല്യങ്ങളിലാണ് ഇലക്ടറൽ ബോണ്ടുകള്‍ വാങ്ങാന്‍ കഴിയുക.    

loader