പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഒരാഴ്ച കൂടി തുടരുകയാണെങ്കിൽ അസമിനും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇന്ധന വിതരണം പൂര്‍ണമായി നിലയ്ക്കും. പ്രക്ഷേഭം കാരണം ഈ മേഖലയിലെ റിഫൈനറികളും എണ്ണ ഉൽപാദന സൗകര്യങ്ങളും അടച്ചുപൂട്ടിയതാണ് ഇതിന് കാരണം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) അസമിലെ ഡിഗ്‌ബോയ് റിഫൈനറി അടച്ചുപൂട്ടിയിരിക്കുകയാണ് ഗുവാഹത്തി യൂണിറ്റ് കുറഞ്ഞ തോതിലാണ് ഇപ്പോള്‍ പ്രവർത്തിപ്പിക്കുന്നത്. മേഖലയിലെ മറ്റൊരു പൊതുമേഖല എണ്ണ കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് എൽപിജി ഉത്പാദനം നിർത്താൻ നിർബന്ധിതരാവുകയും ക്രൂഡ് ഓയിൽ ഉത്പാദനം 15-20 ശതമാനം കുറയുകയും ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദിവസവുമുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് ഓയില്‍ ഇന്ത്യ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥർക്ക് ജോലിയിൽ എത്താൻ കഴിയാത്തതിനാൽ എല്ലാ ഡ്രില്ലിംഗ് പ്രവർത്തനങ്ങളും ഓയില്‍ ഇന്ത്യ നിർത്തിവച്ചു. ഓയിൽ ഇന്ത്യയാണ് പ്രധാനമായും ഐഒസിയുടെ ദിഗ്ബോയ് റിഫൈനറിയിലേക്കും, ബിപിസിഎൽ ന്റെ നുമലിഗാര്‍ഹ് യൂണിറ്റിലേക്കും ക്രൂഡ് വിതരണം ചെയ്യുന്നത്. ഓയില്‍ ഇന്ത്യയില്‍ തൊഴില്‍ മുടങ്ങിയാല്‍ ഈ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഭീമമാകും.  

പ്രശ്നം ഗുരുതരം, നഷ്ടം ഭീമമാകും 
 
പ്രക്ഷേഭം തുടരുകയാണെങ്കില്‍ ഈ പ്രദേശങ്ങളില്‍ എല്‍പിജി ക്ഷാമവും ഇന്ധന ക്ഷാമവും വരും ദിവസങ്ങളില്‍ രൂക്ഷമാകും. റിഫൈനറികളിൽ നിന്ന് നോർത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ടാങ്കറുകളുടെയും ട്രക്കുകളുടെയും സര്‍വീസ് പ്രക്ഷോഭം മൂലം തടഞ്ഞിട്ടുണ്ട്. ഇത്തരം ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. അങ്ങനെ ഉണ്ടായാല്‍ സ്ഥിതി രൂക്ഷമാകുകയും ചെയ്യും. 

പരിമിതമായ സംഭരണ ​​ശേഷിയുള്ളതിനാൽ, ഉൽപ്പന്നങ്ങൾ ഒഴിപ്പിക്കാനാകുന്നില്ലെങ്കില്‍ ഉത്പാദനം കുറയ്ക്കാനാണ് എണ്ണ കമ്പനികളുടെ തീരുമാനം. ഇതേ കാരണത്താൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് എൽപിജി ഉത്പാദനം നിർത്തിവച്ചിരിക്കുകയാണെന്നും റിഫൈനറികളിലും ഓയിൽ ഇൻസ്റ്റാലേഷനുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹാജര്‍നില കുറവാണെന്നും കമ്പനി പറയുന്നു.

വ്യാഴാഴ്ച ഒരു ജീവനക്കാരനും ഡ്യൂട്ടിക്ക് ഓയില്‍ ഇന്ത്യയുടെ റിഫൈനറിയില്‍ എത്തിയില്ല, വെള്ളിയാഴ്ച ഹാജര്‍ നില താഴെയായിരുന്നു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവാഹത്തിയിലെയും ഡിഗ്‌ബോയിയിലെയും ഐ‌ഒ‌സി റിഫൈനറികളിൽ‌ നിന്നും പ്രതിഷേധക്കാർ ജീവനക്കാരെ ബലമായി പിന്‍വലിച്ചു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആസാമിലെ മൂന്നാമത്തെ റിഫൈനറിയായ ബോംഗൈഗാവില്‍ നടന്നുവന്നിരുന്ന അറ്റകുറ്റപ്പണി നിർത്തിവച്ചിരിക്കുകയാണ്.

 

കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയത് മുതൽ അസമില്‍ പ്രതിഷേധം തുടരുകയാണ്. ചില സ്ഥലങ്ങളിൽ ജീവനക്കാർക്ക് പ്ലാന്റുകളിൽ എത്താൻ കഴിയുന്നില്ലെങ്കിലും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജി‌സി) മേഖലകളിലെ പ്രവർത്തനങ്ങൾ വലിയ തോതിൽ ബാധിച്ചിട്ടില്ല.