ദില്ലി: ഡെബിറ്റ് കാർഡിനും ക്രെഡിറ്റ് കാർഡിനും ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സൗകര്യം വേണമെന്ന് റിസർവ് ബാങ്ക്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് റിസർവ് ബാങ്ക് നീക്കം. ബാങ്കുകൾക്കും, കാർഡുകൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഈനിർദ്ദേശം നൽകിക്കഴിഞ്ഞു.

ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യത്തിലും എണ്ണത്തിലും വൻവർധനവാണ് സമീപകാലത്ത് ഉണ്ടായത്. അതിനാൽ തന്നെ നാൾക്കുനാൾ തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്.  ഈയൊരു സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ തീരുമാനം. കാർഡുകൾ ഇഷ്യൂ ചെയ്യുമ്പോഴും റീ ഇഷ്യു ചെയ്യുമ്പോഴും ഇവ ഇന്ത്യയ്ക്ക് അകത്ത് മാത്രം ഇടപാട് നടത്താനാവും വിധം മാറ്റം വരുത്തി വേണം നൽകാനെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം പ്രീപെയ്ഡ് ഗിഫ്റ്റ് കാർഡുകൾക്ക് ബാധകമാവില്ല. മാസ് ട്രാൻസിറ്റ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന കാർഡുകളുടെ കാര്യത്തിലും ഈ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. സൈബർ ലോകത്തെ ചതിക്കുഴികളിൽ ഉപഭോക്താക്കളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പണം നഷ്ടപ്പെടാതിരിക്കാൻ ഈ ഫീച്ചറുകൾ വളരെയേറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.