ജിഡിപിയില്‍ ഇടിവുണ്ടായതോടെ റിപ്പോ നിരക്കുകള്‍ കുറച്ച് വിപണിയില്‍ പണ ലഭ്യത ഉയര്‍ത്താനാകും ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്‍റെ ശ്രമം. ഇതിലൂടെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും. 

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ സുപ്രധാന പണനയ അവലോകന യോഗം തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തെ രണ്ടാം പാദ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് പോയതിനാല്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തിയേക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന യോഗം ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.

ജിഡിപിയില്‍ ഇടിവുണ്ടായതോടെ റിപ്പോ നിരക്കുകള്‍ കുറച്ച് വിപണിയില്‍ പണ ലഭ്യത ഉയര്‍ത്താനാകും ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്‍റെ ശ്രമം. ഇതിലൂടെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും. 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 50 ബേസിസ് പോയിന്റുകൾ വരെ കുറവുണ്ടായേക്കാമെന്ന് ചില സാമ്പത്തിക വിദ​ഗ്ധർ പ്രവചിക്കുന്നു. 

ഇന്ത്യയുടെ സെൻ‌ട്രൽ ബാങ്കായ റിസർവ് ബാങ്ക് ഈ വർഷം നിരക്ക് 135 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് റിപ്പോ നിരക്ക് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് തവണയും പലിശ നിരക്കില്‍ പണനയ അവലോകനയോഗം കുറവ് വരുത്തിയിരുന്നു.

അടുത്ത ഫെബ്രുവരിയില്‍ 15 പോയിന്‍റിന്‍റെ കുറവും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്.