ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആഗോളതലത്തിലെ വളര്‍ച്ചാമുരടിപ്പിനെ പഴിചാരുന്നതില്‍ അര്‍ഥമില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ പ്രശ്നങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നിക്ഷേപം നടക്കാത്തതിന്‍റെ അന്തരഫലമായാണ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ പിന്നിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ ആന്‍ഡ‍് പബ്ലിക് അഫേഴ്സില്‍ നടത്തിയ പ്രഭാഷണത്തിലാണ് രഘുറാം രാജന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അല്ലെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, രാജ്യത്തെ നിക്ഷേപത്തിന്‍റെ തോത് വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ആയിട്ടില്ല. രാജ്യം നേരിടുന്ന രണ്ടാമത്തെ പ്രശ്നം മികച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ അഭാവമാണ്. നിക്ഷേപം കുറഞ്ഞത് ഒരു അടിസ്ഥാന പ്രശ്നമാണെങ്കിലും, നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇവ രണ്ടും നടപ്പാക്കിയത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ദുര്‍ബലമായി നിന്ന സമയത്താണെന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.  

ഇത്തരം പരിഷ്കാര നടപടികള്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന നടപടിയായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്‍വ്യവസ്ഥ മുക്തമായി വന്നപ്പോഴേക്കും എന്‍ബിഎഫ്‍സി (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) പ്രതിസന്ധി ആരംഭിച്ചതായും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.