ഇക്കുറി കേന്ദ്ര ബജറ്റില്‍ ഇടംലഭിക്കുമെന്ന് കരുതപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയ മത്സ്യബന്ധന നയം. അതേസമയം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ കരടിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ പദ്ധതി. 

ദേശീയ മത്സ്യബന്ധന നയം 45,000 കോടി രൂപ മുതല്‍ മുടക്കുള്ളതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമുദ്ര മത്സ്യബന്ധനം, അക്വാകള്‍ചര്‍, മാരികള്‍ചര്‍ തുടങ്ങിയവ പരിപോഷിക്കാന്‍ 45,000 കോടിയുടേതാണ് പദ്ധതി. സമുദ്ര മത്സ്യബന്ധന മേഖലയില്‍ മാത്രമാണ് നിലവില്‍ പദ്ധതിയുള്ളത്. ഇതില്‍ നിന്നുള്ള ഉല്‍പ്പാദനം 4.3 ദശലക്ഷം ടണ്ണാണ്. അതേസമയം ആഭ്യന്തര മത്സ്യ ഉല്‍പ്പാദനം 23 ദശലക്ഷം ടണ്ണാണ്. എന്നാല്‍ ഇവയ്ക്ക് വേണ്ടി എന്തെങ്കിലും പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഈ മേഖലയെ കൂടി ഉള്‍പ്പെടുത്തുന്നതാകും കേന്ദ്ര ഫിഷറീസ് മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്ന പുതിയ പദ്ധതി.

പുതിയ നയം പ്രാബല്യത്തില്‍ വരണമെങ്കില്‍ നിയമനിര്‍മ്മാണവും മത്സ്യബന്ധന മേഖലയില്‍ നിയന്ത്രണവും കൊണ്ടുവരേണ്ടതുണ്ട്. കര്‍മ്മ പദ്ധതികള്‍ക്ക് പണം നീക്കിവയ്ക്കുകയും വേണം.

കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ മത്സ്യ സമ്പദ യോജന പ്രഖ്യാപിച്ചത്. മത്സ്യോല്‍പ്പാദനവും അക്വാട്ടിക് ഉല്‍പ്പന്നങ്ങളുടെയും വിപണി വര്‍ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനം, മാര്‍ക്കറ്റിങ് എന്നിവ മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടിരുന്നുവെങ്കിലും പദ്ധതി കടലാസിലൊതുങ്ങുകയും ചെയ്തു. ഇത്തവണ ബജറ്റില്‍ മത്സ്യ സമ്പദ യോജന കൂടി ഇടംപിടിക്കുമോ, അല്ല പ്രഖ്യാപനത്തില്‍ തന്നെ പദ്ധതി ഒതുങ്ങുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. 

അതിനിടെയാണ് ദേശീയ മത്സ്യബന്ധന നയത്തിന്‌റെ കരട് തയ്യാറാക്കിയിരിക്കുന്നത്. മത്സ്യബന്ധന മേഖലയെ സര്‍ക്കാര്‍ എങ്ങിനെയാണ് നോക്കിക്കാണുന്നതെന്ന് ഇത്തവണത്തെ ബജറ്റില്‍ നിന്ന് വ്യക്തമാകും.