ദില്ലി: 2020/21 സാമ്പത്തിക വർഷത്തിൽ വരാനിരിക്കുന്ന ബജറ്റിൽ ഏകദേശം 28 ബില്യൺ ഡോളർ ചെലവ് ബജറ്റിന് പുറത്ത് നിന്നുളള വായ്പകൾ വഴി സർക്കാർ സമാഹരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധനക്കമ്മിയെ നിയന്ത്രിച്ചുകൊണ്ട്  ഒരു സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണിത്.

തുടർച്ചയായ ആറ് പാദങ്ങളിലായി ഇടിഞ്ഞ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനായി ഗ്രാമീണ ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ചെലവ് വർദ്ധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 

ഈ വർഷത്തെ പദ്ധതി ചെലവുകളുടെ ഭാഗികമായി ധനസഹായം നൽകുന്നതിന് അർദ്ധ- സർക്കാർ സ്ഥാപനങ്ങൾക്ക് വേണ്ടി വായ്പയെടുക്കുന്നതിലൂടെ ധനക്കമ്മി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ബജറ്റിന് പുറത്ത് നിന്നുളള കടമെടുക്കല്‍. 

നടപ്പ് സാമ്പത്തിക വർഷത്തിൽ പുറത്ത് നിന്നുളള  കടമെടുക്കല്‍ 13.8 ശതമാനം കൂടുമെന്നാണ് കണക്കാക്കുന്നത്. അത് ഏകദേശം 1.75 ലക്ഷം കോടി രൂപ (24.6 ബില്യൺ ഡോളർ) ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. “നമ്മള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്,” ഉപഭോക്തൃ ആവശ്യം വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമായി ചെലവ് വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഉന്നത ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.