ദില്ലി: രാജ്യത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നടത്തിയ പ്രഖ്യാപനമാണ് ഒരു വര്‍ഷത്തികനം സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസമാഹരണം കൂടുതല്‍ സുതാര്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

രാജ്യത്തെ പൗരന്മാര്‍ക്കോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കോ ഇലക്ടറല്‍ ബോണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് വാങ്ങാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള തുകകള്‍ക്കാണ് ഇത് ലഭ്യമാവുന്നത്. ആര്‍ക്കാണ് കൊടുക്കാനുദ്ദേശിക്കുന്നതെന്ന് വാങ്ങുമ്പോള്‍ പറയേണ്ടതില്ല. വാങ്ങുന്ന തീയ്യതി മുതല്‍ 15 ദിവസം വരെയായിരിക്കും കാലാവധി. ഇതിനിടെ ഇത് രജിസ്ട്രേഡ് പാര്‍ട്ടികള്‍ക്ക് കൈമാറാം. പാര്‍ട്ടികള്‍ക്ക് ബാങ്ക് വഴി ഈ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാം. പണം കൊടുക്കുന്നതും വാങ്ങുന്നതും ബാങ്ക് വഴി ആകുമെന്നതിനാല്‍ പാര്‍ട്ടികളുടെ കള്ളപ്പണ വിനിമയം കുറയുമെന്നതാണ് ഇതിന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന നേട്ടം. ഇവസാന പൊതു തെരഞ്ഞടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്ക് മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി പണം സ്വീകരിക്കാന്‍ കഴിയൂ. ഓരോ സാമ്പത്തിക പാദ വര്‍ഷത്തിലെയും ആദ്യ പത്ത് ദിവസങ്ങളില്‍(ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ) മാത്രമേ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങാനാവൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് ഇത് 30 ദിവസം കൂടി നീട്ടി നല്‍കാനും സാധിക്കും.