ഇറക്കുമതി ഭൂരിഭാഗവും ചൈനയില്‍ നിന്ന്

ദില്ലി: ഇന്ത്യക്കാരുടെ കൂടിവരുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളോടുളള താല്‍പര്യം രാജ്യത്തിന് അപകടമാവുന്നതായി റിപ്പോര്‍ട്ട്. അസംസ്കൃത എണ്ണ കഴിഞ്ഞാല്‍ രാജ്യത്തേക്ക് വലിയതോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നവ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളാണ്. ഇത്തരത്തിലുളള ഇറക്കുമതി രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നതായി ദേശീയ മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളോട് തല്‍പര്യമില്ലാത്തതാണ് ഇത്തരമൊരും പ്രതിസന്ധിക്ക് കാരണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി രാജ്യത്ത് കറന്‍റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചതായി ആക്സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സ്വഗത് ഭട്ടാചാര്യ പറഞ്ഞു. കറന്‍റ് അക്കൗണ്ട് കമ്മി വര്‍ദ്ധിക്കുന്നത് രൂപയെ കൂടുതല്‍ ദുര്‍ബലമാക്കും. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്.

മൊബൈല്‍ ഫോണ്‍, പേഴ്ണല്‍ കംപ്യൂട്ടര്‍, ലാപ്പ്ടോപ്, കണ്‍സ്യൂമര്‍ ഇലക്ടോണിക്സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇറക്കുമതിയില്‍ മുന്നില്‍. ഇവയില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് ചൈനയിലുമാണ്. പ്രധാനമന്ത്രി വിഭാവനം ചെയ്ത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇതിന് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ഈ ശ്രമം ഫലം കണ്ടില്ല. രാജ്യത്ത് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി അനുദിനം വര്‍ധിക്കുകയാണ്.