ബാങ്ക് സ്വകാര്യവത്കരണം, ലയനം എന്നീ നീക്കങ്ങൾ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതി തള്ളാതിരിക്കുക, വര്‍ദ്ധിപ്പിച്ച ബാങ്കിങ്ങ് സേവന നിരക്കുകൾ കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ ഏകദിന പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. പൊതുമേഖല, സ്വാകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചു. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നത്.

ബാങ്കുകൾ അടഞ്ഞ് കിടക്കുന്നതിനാൽ ചെക്കുകൾ മാറുന്നതിനും ബ്രാഞ്ചുകളിലെത്തി പണം നിക്ഷേപിക്കുന്നതിനും എടുക്കുന്നതിനുമാണ് പ്രധാനമായും തടസ്സം നേരിടുന്നത്. ഇന്ന് ഇടപാടുകളിൽ തടസ്സം നേരിടുമെന്ന് മിക്ക പൊതുമേഖലാ ബാങ്കുകളും ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. എടിഎം, ഓൺലൈൻ ഇടപാടുകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല.