ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയും ഇ.പി.എഫ് നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ നീക്കം. ഇപ്പോള്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന 8.65 ശതമാനത്തില്‍ നിന്ന് വീണ്ടും കുറയ്ക്കാനാണ് നീക്കം. എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ നിന്നുള്ള വരുമാനം നേരിട്ട് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇതിന് പുറമെ മറ്റ് മാര്‍ഗ്ഗങ്ങില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ് വന്നതായും ചൂണ്ടിക്കാട്ടുന്നു. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പ് തൊഴില്‍ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തി വരികയാണ്. നേരത്തെ 8.8 ശതമാനം പലിശയായിരുന്നു ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 8.65 ശതമാനമായി കുറച്ചു. രാജ്യത്താകമാനം വിവിധ രംഗങ്ങള്‍ തൊഴിലെടുക്കുന്ന 4.5 കോടിയോളം അംഗങ്ങളാണ് ഇ.പി.എഫ് പദ്ധതിയിലുള്ളത്.