ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പു പിന്‍വലിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ഇപിഎഫ്ഒ പുതിയ പദ്ധതിക്കു തുടക്കംകുറിക്കുന്നു. വണ്‍ എംപ്ലോയീ വണ്‍ ഇപിഎഫ് അക്കൗണ്ട് എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി മേയ് ഒന്നിനു പ്രഖ്യാപിച്ചേക്കും. ഇപിഎഫ്ഒയുടെ കഴിഞ്ഞ 21നു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

പിഎഫ് തുക പിന്‍വലിക്കുന്നതിനു കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ 20നു കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. തൊഴിലുടമ അടയ്ക്കുന്ന വിഹിതം ഉള്‍പ്പെടെ പിഎഫിലുള്ള മുഴുവന്‍ തുകയും 58 വയസ് കഴിഞ്ഞാലേ പിന്‍വലിക്കാന്‍ കഴിയൂ എന്നു കഴിഞ്ഞ ഫെബ്രുവരി 10നു കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതാണു പിന്‍വലിച്ചത്.

എന്നാല്‍, ജോലി മാറുന്നതിനൊപ്പം അതാതു കാലത്തെ പിഎഫ് തുക പിന്‍വലിക്കുന്നതുകൊണ്ട് തൊഴിലാളികള്‍ക്കു കാര്യമായ പ്രയോജനമുണ്ടാകില്ലെന്നും, ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുകയും ഇങ്ങനെ ചെയ്യുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നുമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ നിലപാട്. ഇതു മുന്‍നിര്‍ത്തിയാണ് വണ്‍ എംപ്ലോയീ വണ്‍ ഇപിഎഫ് അക്കൗണ്ട് സ്കീം പ്രഖ്യാപിക്കുന്നതെന്ന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി. ജോയി പറഞ്ഞു.