എസ്എംസ് സേവനം കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കി ഫീസ് ഈടാക്കാമെന്നും ആര്‍ബിഐ പറയുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അപ്പാടെ അട്ടിമറിച്ചാണ് ബാങ്കുകളുടെ കൊള്ള.

മുംബൈ: അക്കൗണ്ട് ഉമടകളെ ഇടപാട് വിവരം അറിയിക്കാന്‍ എസ്എംഎസ് അയക്കുന്നതിന് പണം ഈടാക്കരുതെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ബാങ്കുകള്‍ അട്ടിമറിക്കുന്നു. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ഓരോ മൂന്ന് മാസത്തിലും 15 രൂപയാണ് എസ്എംഎസ് നിരക്കായി ഈടാക്കുന്നത്. ബാങ്ക് ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ബി.സി.എസ്.ബി.ഐയുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഡെബിറ്റ് കാര്‍ഡ്, എടിഎമ്മില്‍ നിന്ന് പണമെടുക്കല്‍, ഓണ്‍ലൈന്‍ വഴി പണം കൈമാറുന്ന ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി എന്നിവയുടെ വിവരങ്ങള്‍ നല്‍കുന്ന എസ്എംഎസുകള്‍ക്ക് പണം ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. തട്ടിപ്പുകള്‍ തടയുന്നതിനാണ് ഓരോ ഇടപാടിന്റെയും വിവരങ്ങള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കാന്‍ ഇത്തരമൊരു നിര്‍ദ്ദേശം വച്ചത്. എസ്എംസ് സേവനം കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ ഉപഭോഗത്തിന്റെ ശരാശരി കണക്കാക്കി ഫീസ് ഈടാക്കാമെന്നും ആര്‍ബിഐ പറയുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അപ്പാടെ അട്ടിമറിച്ചാണ് ബാങ്കുകളുടെ കൊള്ള.

എസ്ബിഐ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളെല്ലാം ഇത്തരത്തില്‍ പണമീടാക്കുന്നുണ്ടെന്ന് ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്റേഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പഠനത്തില്‍ കണ്ടെത്തി. പഠനറിപ്പോര്‍ട്ട് അനുസരിച്ച് 48 ബാങ്കുകളില്‍ 19 എണ്ണവും ഓരോ ത്രൈമാസത്തിലും 15 രൂപയാണ് എസ്എംസ് ഫീയായി ഈടാക്കുന്നത്. ഇതിനൊപ്പം നികുതി കൂടി ചേരുന്‌പോള്‍ ഇടപാടുകാരന്‍ നല്‍കേണ്ടി വരുന്നത് 17 രൂപ 70 പൈസയാണ്. ബാങ്കുകളുടെ അന്യായ നടപടിയ്ക്ക് എതിരെ റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബിസിഎസ്ബിഐയുടെ തീരുമാനം.