ദില്ലി: ആദായ നികുതി ഇളവിനായി വാടക ചീട്ട് സമര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കുക.ഇവര്‍ ഇനി മുതല്‍ കെട്ടിട ഉടമയുമായുള്ള വാടക കരാറിന്റെ പകര്‍പ്പും വൈദ്യുതി, വെള്ളക്കരം എന്നിവ അടച്ചതിന്റെ രേഖകളും വാടക ചീട്ടിനൊപ്പം ഹാജരാക്കേണ്ടി വരും.വ്യാജ വാടക രേഖകള്‍ ഹാജരാക്കി നിരവധിയാളുകള്‍ നികുതി ഇളവ് നേടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നികുതി വകുപ്പിന്റെ ഈ നീക്കം.

നികുതി ഇളവു നേടുന്ന മാസ ശമ്പളക്കാരാണ് പലപ്പോഴും വാടക രസീതുകള്‍ തെളിവായി ഹാജരാക്കുക. വാടകക്കാരന് നേരിട്ട് വാടക നല്‍കിയെന്ന രസീതുകളാണ് സമര്‍പ്പിക്കറുള്ളത്. വര്‍ഷം ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ വാടക ഇനത്തില്‍ നികുതി ഇളവ് നേടാനാവും. നിരവധി മാസ ശമ്പളക്കാര്‍ നികുതി ഇളവിനായി ഇത്തരം വാടക നല്‍കിയതിന്റെ രസീതുകള്‍ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ വ്യാജ വാടകക്കാരും ഇതിലുണ്ടെന്ന നികുതി വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

വീട്ടുടമയുമായുള്ള വാടക കരാറിന്റെ പകര്‍പ്പ്, വാടകക്ക് താമസിക്കുന്ന വീട്ടിലെ വൈദ്യുതി, വെള്ളക്കരം എന്നിവ അടച്ചതിന്റെ രസീതുകള്‍ എന്നിവയും ഇനി മുതല്‍ നികുതി അസ്സസ്മെന്റ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം.ഇത് സമര്‍പ്പിക്കാനായില്ലെങ്കില്‍ വാടക ഇനത്തിലെ നികുതി ഇളവ് നിഷേധിക്കാനും ഓഫീസര്‍ക്ക് അധികാരമുണ്ടാകും. വ്യാജ വാടക രസീത് ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആദായ നികുതി ആപ്പലേറ്റ് ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.