ബാങ്കില്‍ തിരികെയെത്തി മാനേജരെ കാണിച്ചപ്പോള്‍ പണം കിട്ടുമ്പോള്‍ തന്നെ എല്ലാം അതില്‍ അച്ചടിച്ചിട്ടുണ്ടോയെന്ന് നോക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. ഇനി പരാതി സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാര്യം കൂടുതല്‍ പേര്‍ അറിഞ്ഞതോടെ പണം നിക്ഷേപിച്ച് പകരം വേറെ നോട്ടുകള്‍ വാങ്ങിക്കോളാന്‍ പറഞ്ഞ് അദ്ദേഹം തടിതപ്പി. നോട്ടുകള്‍ പരിശോധിച്ചപ്പോള്‍ കള്ളനോട്ടല്ലെന്ന് മനസിലായതോടെയാണ് മാറ്റിക്കൊടുക്കാന്‍ തയ്യാറായതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ ബാങ്ക് മാനേജര്‍ പറയുന്നത്. എന്തെങ്കിലും അച്ചടിപ്പിശക് വന്നതായിരിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

സംഭവം ജില്ലയിലെ ലീഡ് ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും തനിക്ക് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുകളില്‍ അച്ചടിപ്പിശക് സംബന്ധിച്ച് നേരത്തെയും വാര്‍ത്തകളില്‍ വന്നിരുന്നു. പുതിയ നോട്ടുകള്‍ വേഗത്തില്‍ അച്ചടിക്കുന്നതിനെ പിശകുകളും സംഭവിക്കുന്നുണ്ടെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഗാന്ധിയുടെ ചിത്രമില്ലാതെ നോട്ട് എങ്ങനെ പുറത്തുവന്നു എന്നതിന് ഔദ്ദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.