ഒരു പതിറ്റാണ്ടിനിടെ രണ്ടാം തവണയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 0.5 മുതല്‍ 0.75 ശതമാനയാണ് പുതുക്കിയ പലിശ നിരക്ക്. രണ്ട്​ ദിവസങ്ങളിലായി ചേര്‍ന്ന ഫെഡറല്‍ റിസര്‍വ്​ യോഗത്തിനൊടുവിലാണ് തീരുമാനം. പണപ്പെരുപ്പവും തൊഴില്‍ നിരക്കിലെ വര്‍ദ്ധനവും കണക്കിലെത്താണ് തീരുമാനമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ പേഴ്‌സന്‍ ജാനറ്റ് യെല്ലന്‍ പറഞ്ഞു. സാധ്യമെങ്കില്‍ അടുത്ത വര്‍ഷം മൂന്ന് തവണ കൂടി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും യെല്ലന്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രെംപിന്റെ വിജയവും പുതിയ തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെ ട്രംപ് അനുകൂലിച്ചിരുന്നു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ നഷ്‌ടത്തിലേക്ക് വീണു. ഡോളര്‍ ശക്തിയാര്‍ജിച്ചാല്‍ അമേരിക്കന്‍ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുമോ എന്ന ആശങ്കയാണ് തകര്‍ച്ചയ്‌ക്ക് അടിസ്ഥാനം. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്.