ദില്ലി: നോട്ട് നിരോധനത്തോടെ അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ മാറിയെടുക്കാന്‍ ഇനി അവസരമുണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പുറത്തിറക്കിയ പഴയ 500, 1000 രൂപാ നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയതിനാല്‍ ഇനി നോട്ട് മാറിയെടുക്കുന്നതിനായി മറ്റു സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിരിക്കുന്നത്.
നവംബര്‍ എട്ടിന് അസാധുവാക്കിയ ആകെ 15.44 ലക്ഷം കറന്‍സി നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സംവിധാനങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാറിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാത്തവര്‍ക്ക് ഇനി മറ്റൊരു വഴിയുമില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ് പറഞ്ഞു. ജനങ്ങളുടെ പക്കലുണ്ടായിരുന്ന വലിയ നോട്ടുകള്‍ ഭൂരിഭാഗവും തിരിച്ച് റിസര്‍വ് ബാങ്കിലെത്തി. അവശേഷിക്കുന്ന ഒരു ശതമാനം നോട്ടുകള്‍ ഇനി തിരിച്ചെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
