ദില്ലി: ബിറ്റ്കോയിൻ പോലുള്ള വിർച്വൽ കറൻസികൾ വിനിമയം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിർച്വൽ കറൻസികൾക്ക് യാതൊരു നിയമസാധുതയുമില്ലെന്നും അവയുടെ മൂല്യത്തിൽ ഉറപ്പ് തരാൻ സാധിക്കില്ലെന്നും മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. 

സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമേ ബിറ്റ്കോയിനുകൾ വിനിമയം ചെയ്യാൻ സാധിക്കൂ. ഇത്തരം വിർച്വൽ കറൻസികളിൽ എത്ര പണം നിക്ഷേപിച്ചാലും അതെപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ മൂന്ന് തവണ റിസർവ് ബാങ്ക് മുന്നറിയിപ്പ് തന്നിട്ടും ആളുകൾ വീണ്ടും ബിറ്റ്കോയിൻ വിനിമയം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ബിറ്റ് കോയിനെതിരെ കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

വിവരസാങ്കേതി വിദ്യയിലൂടെ സൃഷ്ടിച്ചെടുക്കുന്ന സാങ്കൽപിക കറൻസിയാണ് ബിറ്റ് കോയിൻ. കംമ്പ്യൂട്ടർ ശൃംഖലകളിൽ മാത്രം നിലനിൽക്കുന്നവയാണ് ഇവ. അതീവ രഹസ്യരീതിയിലുള്ള കോഡ് ഭാഷയിലൂടെയാണ് ബിറ്റ് കോയിൻ രൂപപ്പെടുന്നത്. നിശ്ചിത എണ്ണം ബിറ്റ്കോയിൻ കറൻസികളെ ഉള്ളൂ എന്നതിനാൽ ഇവയ്ക്ക് നാൾക്കുനാൾ വില വർധിച്ചു വരികയാണ്. രാജ്യത്തിൻെറ അതിർത്തികളോ നിയന്ത്രണങ്ങളോ ഇല്ലാതെ നടക്കുന്ന ബിറ്റ്കോയിൻ ഇടപാടുകളിൽ ഇടപാടുകാരെല്ലാം അജ്ഞാതരായാണ് വിനിമയം നടത്തുന്നത്.