രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചതില്‍ സാമ്പത്തിക രംഗത്ത് നിരാശ. ഓഹരി വിപണികള്‍ നഷ്‌ടത്തിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.7 ശതമാനം മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ റിപ്പോര്‍ട്ട്.

ജൂലൈ-സെപ്തംബര്‍ കാലയളവില്‍ രാജ്യം 6.3 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയെത്തിയ ഫിച്ചിന്റെ റിപ്പോര്‍ട്ട് സാമ്പത്തിക രംഗത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ കണക്കനുസരിച്ച് 6.7 ശതമാനം വളര്‍ച്ച മാത്രമാണ് ഈ വര്‍ഷം ഇന്ത്യക്ക് നേടാനാവുക. 6.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ ഫിച്ചിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പാദങ്ങളിലെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായി നിരാശപ്പെടുത്തിയതാണ് വളര്‍ച്ചാ അനുമാനം കുറയ്‌ക്കുന്നതിന് കാരണമായി ഫിച്ച് പറയുന്നത്. പണപ്പെരുപ്പം കുറയാത്തതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാലുള്ള അനുരണനങ്ങളും റേറ്റിങ് ഉയര്‍ത്താത്തതിന് പിന്നിലുണ്ട്. 

എന്നാല്‍ അടുത്ത രണ്ട് വര്‍ഷം സാമ്പത്തിക രംഗം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്‌ക്കുമെന്ന് കരുതുന്നതായി ഫിച്ച് പറയുന്നു. രണ്ടാഴ്ച മുന്‍പ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് BAAയിലേക്ക് ഉയര്‍ത്തിയിരുന്നെങ്കിലും ഇത് ഫിച്ചിന്റെ റേറ്റിങിനെ സ്വാധീനിച്ചില്ല. അതേസമയം 2018-19ലെ വളര്‍ച്ചാ അനുമാനത്തിലും ഫിച്ച് നേരീയ കുറവ് വരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഫിച്ചിന്റെ റിപ്പോര്‍ട്ട്. 7.4 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍.