ബംഗളൂരു: രാജ്യത്തെ പ്രമുഖ ഇ കോമ്മേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനൊരുങ്ങുന്നു. 300 മുതല്‍ 700 വരെ ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടാനൊരുങ്ങുന്നത്. ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് പിരിച്ചു വിടലെന്ന് സ്ഥിരീകരിച്ച് ഫ്ലിപ്കാര്‍ട്ട് വിശദീകരണ കുറിപ്പ് ഇറക്കി. 468 കോടി രൂപക്ക് പ്രമുഖ ഫാഷന്‍ സൈറ്റായ ജബോംഗ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ട് ലേഓഫ് നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീവനക്കാരെ പിരിച്ചു വിടുമെന്നത് ആദ്യം അഭ്യൂഹങ്ങള്‍ മാത്രമായിരുന്നെങ്കിലും പിന്നീട് ഇത് ശരിവച്ച് ഫ്ലിപ്കാര്‍ട്ട് തന്നെ രംഗത്തെത്തുകയായിരുന്നു. തുടരെ മോശം പ്രകടനം നടത്തുന്നവരോട് മറ്റ് തൊഴില്‍ തേടാന്‍ ആവശ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി. എന്നാല്‍ എത്ര പേരോടാണ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല. അതേസമയം മൂന്നൂറ് മുതല്‍ 700 പേര്‍ക്ക് വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മറ്റ് ഇ കോമേഴ്സ് സൈറ്റുകളായ ആമസോണും സ്നാപ്ഡീലും ഉയര്‍ത്തുന്ന വെല്ലുവിളി ശക്തമായ സാഹചര്യത്തിലും കമ്പനിയുടെ ലാഭവിഹിതം ഇടിഞ്ഞ സാഹചര്യത്തിലുമാണ് ലേ ഓഫ് നടപടികളെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൂടുതല്‍ ഉപഭോക്താക്കളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി വന്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതാണ് കമ്പനിക്ക് തിരിച്ചടിയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലിപ്കാര്‍ട്ടിന്റെ എതിരാളികളായ ആമസോണും സ്നാപഡീലും ഏറെ വൈകാതെ ഈ പാതയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.