ലണ്ടന്‍: നോട്ട് നിരോധനത്തിന് ശേഷം 10 മാസം പിന്നിടുമ്പോഴും ഇതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കുറയുന്നില്ല. രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല, ലോകത്ത് പല കോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ ഫോബ്സ് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഫോബ്സ് നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ ബിസിനസ്സ് മാഗസിനുകളില്‍ ഒന്നാണ് ഫോബ്സ് മാഗസിന്‍. 

നോട്ട് നിരോധനത്തെ നീതികെട്ടതെന്നും അസന്മാര്‍ഗികമെന്നുമാണ് സ്റ്റീവ് ഫോബ്സ് വിശേഷിപ്പിക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളടെ വസ്തുക്കളെ മോഷ്ടിക്കുകയാണ് ഈ നിരോധനത്തിലൂടെ ഗവര്‍ണ്മെന്‍റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബ്യൂറോക്രസി അഴിമതിയുടെ കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജിച്ചതാണെന്നും സ്റ്റീവ് പറയുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട വന്ധീകരണത്തോടാണ് നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ സ്റ്റീവ് ഫോബ്സ് ഉപമിക്കുന്നത്. 

നോട്ട് നിരോധനത്തെ ന്യായീകരിക്കാനായി ഗവര്‍ണ്‍മെന്‍റ് പറുയന്ന കാര്യങ്ങളെയും സ്റ്റീവ് വിമര്‍ശിക്കുന്നു. ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ കഴിയാതെ പല ബിസിനസ്സ് കമ്പിനികളും പൂട്ടിയെന്നും നോട്ട് നിരോധനം തീവ്രവാദികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും സ്റ്റീവ് വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യം ഡിജിറ്റലൈസ്ഡ് ആകാന്‍ പോകുന്നു എന്ന വാദത്തെയും സ്റ്റീവ് എതിര്‍ത്തു .

ഡിജിറ്റലൈസേഷന്‍ ഒരു സ്വതന്ത്ര കമ്പോളത്തില്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ തനിയെ സംഭവിക്കുമെന്നും അതിന് കുറച്ച് സമയം അനുവദിച്ച് കൊടുത്താല്‍ മാത്രം മതിയെന്നും ഇദ്ദേഹം പറയുന്നുണ്ട്. വിമര്‍ശനം മാത്രമല്ല, ചില ഉപദേശങ്ങളും സ്റ്റീവ് നല്‍കുന്നുണ്ട്. നികുതി നല്‍കാന്‍ പലരും മടിക്കുന്നതിന്‍റെ കാരണം നികുതി സംവിധാനങ്ങള്‍ വളരെ സങ്കീര്‍ണ്ണമായതിനാലാണ്.

ഇന്‍കംടാക്സും ബിസിനസ്സ് ടാക്സും വളരെ ഉയര്‍ന്ന നിരക്കിലാണുള്ളത്. ഇത് ലഘൂകരിക്കണം. ഇന്ത്യന്‍ രൂപയെ സ്വിസ് ഫ്രാന്‍കിനെ പോലെ ശക്തിപ്പെടുത്തണം. നോട്ട് നിരോധനത്തിലൂടെ ലോകത്തിന് മുമ്പില്‍ ഒരു മോശം ഉദാഹരണമാണ് ഇന്ത്യകാണിച്ച് കൊടുത്തതെന്നും സ്റ്റീവ് പറയുന്നു.