മുംബൈ: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമായതോടെ രാജ്യത്ത് നിന്ന് വന്‍ തോതില്‍ വിദേശ മൂലധനം പിന്‍വലിക്കപ്പെടുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ മാത്രം പിന്‍വലിക്കപ്പെട്ടത് 9,355 കോടി രൂപയുടെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപമാണ്( എഫ്പിഐ). 

രൂപയുടെ മൂല്യത്തകര്‍ച്ച, ക്രൂഡ് ഓയില്‍ വിലക്കയറ്റം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളാണ് വിദേശ നിക്ഷേപം വലിയതോതില്‍ പിന്‍വലിക്കപ്പെടാന്‍ കാരണം. ഡോളറിന്‍റെ കരുത്ത് അനുദിനം കൂടുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതും ട്രഷറി വരുമാനം വര്‍ദ്ധിച്ചതുമാണ് നിക്ഷേപം വലിയ തോതില്‍ ഇന്ത്യ അടക്കമുളള വികസ്വര രാജ്യങ്ങളില്‍ നിന്ന് പിന്‍വലിക്കപ്പെടാന്‍ കാരണം. 

സെപ്റ്റംബറില്‍ ഓഹരി വിപണിയില്‍ നിന്നും ഡെറ്റ് വിപണികളില്‍ നിന്നും മൊത്തം പിന്‍വലിക്കപ്പെട്ടത് 21,000 കോടി രൂപയുടെ എഫ്പിഐകളാണ്. ജൂലൈ -ആഗസ്റ്റ് കാലയളവില്‍ 7,400 കോടി രൂപയുടെ പിന്‍വലിക്കലും ഉണ്ടായി. ഏതാനും മാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ വര്‍ഷം മുഴുവന്‍ വിറ്റിഴിക്കല്‍ പ്രവണതയാണ് എഫ്പിഐകള്‍ കാട്ടിയത്. 

ഡോളറിനെതിരെ രൂപയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും ഫലത്തില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയാണ് ചെയ്യുന്നത്. എഫ്പിഐകള്‍ പിന്‍വലിക്കപ്പെടുന്നത് വിനിമയ വിപണിയില്‍ രൂപയെ കൂടുതല്‍ ക്ഷീണിപ്പിക്കും.