മുംബൈ: എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ വില രാജ്യത്ത് അടുത്ത മാസം മുതല്‍ വര്‍ദ്ധിക്കും. നവംബര്‍ മുതല്‍ പുറത്തിറങ്ങുന്ന ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുതലായിരിക്കും. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതക്കള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ദീപാവലി വിപണി ലക്ഷ്യമിട്ട് കടകളിലെത്തിച്ച ഉല്‍പ്പന്നങ്ങള്‍ ഇനിയും വിറ്റുതീര്‍ന്നിട്ടില്ലാത്തതിനാല്‍ വില വര്‍ദ്ധനവ് അനുഭവപ്പെടുന്നത് ഡിസംബര്‍ മുതലായിരിക്കും. കഴിഞ്ഞ ജനുവരിക്ക് ശേഷം അസംസ്കൃത വസ്തുക്കളുടെ വിലയില്‍ 30 മുതല്‍ 50 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. സ്റ്റീലിന്റെ വില 40 ശതമാനവും ചെമ്പിന്റെ വില 50 ശതമാനവും വര്‍ദ്ധിച്ചു. റഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്ന എംഡിഎം എന്ന രാസ വസ്തുവിന്റെ വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചതിനൊപ്പം ഇത് കിട്ടാനുമില്ലെന്ന് കമ്പനികള്‍ പറയുന്നു. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയുടെ 70 ശതമാനത്തോളം അസംസ്കൃത വസ്തുക്കള്‍ ഇവ മൂന്നുമായതിനാല്‍ അഞ്ച് ശതമാനത്തിന് മുകളില്‍ വില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം.
ആദ്യ ഘട്ടത്തില്‍ റഫ്രിജറേറ്റുകളുടെ വിലകൂട്ടും. ഡിസംബറോടെ വാഷിങ് മെഷീനുകളുടെയും ജനുവരിയില്‍ എ.സിയുടെയും വില കൂട്ടും. ഇതിന് പുറമെ ജനുവരി മുതല്‍ എ.സികള്‍ക്ക് ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്റ് റേഷ്യോ അനുസരിച്ചുള്ള റേറ്റിങ് നിര്‍ബന്ധമാക്കിയിരിക്കുന്നതിനാലും എ.സികളുടെ വില കൂടും.
