തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി. കേരളത്തില്‍ ഡീസല്‍ വിലയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നുവെന്ന കാരണം പറഞ്ഞാണ് എണ്ണക്കമ്പനികള്‍ ദിവസവും വില ഉയര്‍ത്തുന്നത്

വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 79 രൂപ 15 പൈസ. കൊല്‍ക്കത്തയില്‍ 74. കേരളത്തിലേക്കെത്തിയാല്‍ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ വില. ലിറ്ററിന് 75 രൂപ 12 പൈസ. ഡീസല്‍ വില സര്‍വകാല റെക്കോഡിലും. തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കാന്‍ 67 രൂപ 20 പൈസ നല്‍കണം.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിലെത്തിയതാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് ക്രൂഡോയില്‍ വില 120 ഡോളറില്‍ നില്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 49 രൂപ മാത്രമായിരുന്നു വില. ഡീസല്‍ വില ദിനംപ്രതി കൂടുന്നതില്‍ സാധാരണക്കാരണ് പ്രതിസന്ധി അനുഭവിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 16-ന് പ്രതിദിന വിലമാറ്റം നിലവില്‍ വന്ന ശേഷമാണ് വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ജൂലൈ ആദ്യം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 65 രൂപ 61 പൈസയായിരുന്നു നിരക്ക്. ഡീസലിന് 57 രൂപ 17 പൈസയും. എന്നാല്‍ ആറ് മാസത്തിനിപ്പുറം 10 രൂപയുടെ വര്‍ദ്ധനവാണ് വിലയിലുണ്ടായിരിക്കുന്നത്. ഇന്ധനവില കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ എക്‌സൈസ് തീരുവ കുറച്ചില്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപയില്‍ എത്തുന്ന കാലം വിദൂരമല്ല.