മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബാരലിന് 67.29 ഡോളറിനും മുകളിലാണിപ്പോള്‍ വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തോളം വില വര്‍ദ്ധനവാണുണ്ടായത്. രാജ്യത്തെ എണ്ണക്കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിലായതോടെ എണ്ണവിലയും വര്‍ദ്ധിക്കുന്നാണ് സൂചന.

2016 നവംബര്‍ അവസാനം ബാരലിന് 48 ഡോളറായിരുന്നു വില. ഇതാണ് ഇപ്പോള്‍ 67 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്. വില പിടിച്ചുനിര്‍ത്താനായി എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതാണ് വിലകൂടാന്‍ പ്രധാനകാരണം. എണ്ണക്കമ്പനികളുടെ ലാഭത്തെയും വിലക്കയറ്റം കാര്യമായി ബാധിക്കുന്നുണ്ട്. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനയ്ക്കും ഇടയാക്കും. 2018 അവസാനത്തോടെ എണ്ണവില ബാരലിന് 80 ഡോളറിലേയ്ക്ക് കുതിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.