15ആം ദിവസവും ഇന്ധന വില കൂടി എക്സൈസ് തീരുവ കുറയ്ക്കാതെ കേന്ദ്രം കേന്ദ്രപദ്ധതികളെ ബാധിക്കും 

ദില്ലി: ഇന്ധന വില തുടര്‍ച്ചയായ 15 ദിവസം കൂടിയിട്ടും എക്സൈസ് തീരുവ കുറയ്ക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്‍റെ ശുപാര്‍ശ അംഗീകരിക്കാൻ തയ്യാറാകാതെ ധനമന്ത്രാലയം. വരുമാനത്തിലുണ്ടാകുന്ന ഇടിവ് കേന്ദ്രപദ്ധതികളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ധനമന്ത്രാലയം. അതിനിടെ സൗജന്യ പാചകവാതക കണക്ഷൻ കിട്ടിയ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ധന വിലവര്‍ദ്ധനയെക്കുറിച്ച് പരാമര്‍ശിച്ചില്ല.

പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്സൈസ് തീരുവ കുറയ്ക്കുന്നത് ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനത്തെപോലും ബാധിക്കുമെന്ന വിലയിരുത്തലിലാണ് ധനമന്ത്രാലയം. താത്കാലിക വിലവര്‍ദ്ധനയാണ് ഇപ്പോഴത്തേതെന്നാണ് വിലവര്‍ദ്ധന അധികകാലം നീണ്ട് നിൽക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. അതിനിടെ ആഗോള വിപണിയിൽ രണ്ട് ദിവസത്തിനിടയിൽ ഇന്ധനവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞിട്ടും രാജ്യത്ത് തുടര്‍ച്ചായ 15 ആം ദിവസവും പെട്രോളിന്‍റേയും ഡീസലിന്‍റേയും വില കൂടി. 

ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയും കൂടിയതോടെ തിരുവനന്തപുരത്ത് പെട്രളിന് 82 രൂപ 45 പൈസയും ഡീസലിന് 75 രൂപ അഞ്ച് പൈസയുമായി. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യയും ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള വിപണിയിൽ എണ്ണ വിലയിടിവിന് കാരണം. അതിനിടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള ഉജ്ജ്വല യോജന ഉപഭോക്താക്കളുമായി നമോ ആപ്പിലൂടെ സംസാരിച്ച നരേന്ദ്ര മോദി ഇന്ധനവില വര്‍ദ്ധനയെക്കുറിച്ച് പ്രതികരിച്ചില്ല.