ജി സി സി രാജ്യങ്ങളിലെ  കറൻസിയുമായി രൂപയുടെ വിനിമയ നിരക്ക് വർധിച്ചു

ഒമാൻ അടക്കമുള്ള , ജി സി സി രാജ്യങ്ങളിലെ കറൻസിയുമായുമുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് വർധിച്ചു. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 171 രൂപ 20 പൈസ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തിയത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിയാലിന് 175 രൂപ വരെ ലഭിക്കാനിടയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

അമേരിക്കൻ ഡോളറുമായി , ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഏഴു മാസത്തിനിടയിൽ 66 രൂപ 12 പൈസയിലേക്കു താഴ്ന്നതോടുകൂടിയാണ് ഒമാൻ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ കറൻസിയുമായുമുള്ള ഇന്ത്യൻ രൂപയുടെ നിരക്ക് വർദ്ധിക്കുവാൻ കാരണമായത് .

ഇപ്പോൾ ഒരു ഒമാനി റിയാൽ 171 രൂപയുടെ മുകളിൽ എത്തിയതോടു കൂടി നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്കും വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് , സിറിയയിൽ ഉണ്ടായ ആക്രമണങ്ങൾ എന്നിവ രൂപയുടെ മൂല്യം കുറക്കുവാൻ കാരണമായിട്ടുണ്ട്.

ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള കുറവ് തുടരുമെന്നും , നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും വിനിമയ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി .

യു എ ഇ ദിര്‍ഹം 17രൂപ 74 പൈസയിലും , സൗദി റിയാൽ 17 രൂപ 63 പൈസയിലും , കുവൈറ്റി ദിനാർ 219 രൂപ 49 പൈസയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.