രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് താഴ്ന്നത് താത്കാലിക പ്രതിഭാസമെന്ന് നീതി ആയോഗ്. രണ്ടാംപാദത്തില്‍ ഏഴര ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നീതി ആയോഗ് ഉപാധ്യക്ഷനായി ചുമതലയേറ്റെടുത്ത രാജീവ് കുമാര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം മൂന്ന് വര്‍ഷത്തെ താഴ്ന്നനിരക്കായ 5.7 ശതമാനത്തിയതിന് കാരണം നോട്ട് നിരോധനമല്ല. ജിഎസ്ടി വരുന്നതിമുമ്പായി നിര്‍മ്മാതാക്കള്‍ ഉത്പാദനം കുറച്ചതാണ് വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിച്ചതെന്ന് നീതി ആയോഗിന്‍റെ പുതിയ ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ വിശദീകരിച്ചുു. വിലക്കയറ്റ നിരക്ക് നെഗറ്റീവ് സൂചികയിലെത്തിയതും തിരിച്ചടിയായി.

ജൂലൈ മുതലുള്ള പാദത്തില്‍ രാജ്യം ഏഴ് ശതമാനത്തിനും ഏഴരയ്‌ക്കും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു. സേവന മേഖലയിലെ വളര്‍ച്ചയ്‌ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തൊഴില്‍ സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ വ്യക്തമാക്കി. അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം വലിയ അഴിമതിയാണെന്ന് തെളിഞ്ഞതായി പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു.