Asianet News MalayalamAsianet News Malayalam

പദവി അംഗീകാരമെന്നു ഗീതാ ഗോപിനാഥ്; 'സാമ്പത്തിക നയത്തില്‍ ഇടപെടില്ല'

gita gopinath
Author
First Published Jul 26, 2016, 12:08 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി അംഗീകാരമായി കാണുന്നുവെന്നു സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. തീരുമാനത്തില്‍ തെറ്റില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അതേസമയം ഗീതാ ഗോപിനാഥിന്റെ നിയനം പാര്‍ട്ടി അണികള്‍ക്കിടയിലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ഇടതു വിരുദ്ധ സാമ്പത്തിക നയങ്ങളുടെ വക്താവിനെ മുഖ്യമന്ത്രി സാമ്പത്തികോപദേഷ്ടാവാക്കിയ വിവാദം തുടരുന്നതിനിടെയാണു നയം വ്യക്തമാക്കി ഗീതാ ഗോപിനാഥ് നേരിട്ടെത്തിയത്. പദവി അംഗീകാരമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. അഭിപ്രായങ്ങള്‍ ആവശ്യമെങ്കില്‍ പറയും. തള്ളാനും കൊള്ളാനും സ്വാതന്ത്യം സര്‍ക്കാറിനുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ലോകമറിയുന്ന മലയാളി സാമ്പത്തിക വിദഗ്ധയുടെ അറിവും അനുഭവ പരിചയവും പ്രയോചനപ്പെടുത്തുന്നതു തെറ്റല്ലെന്നും, ഉള്‍ക്കൊള്ളാവുന്ന ഉപദേശം മാത്രമാണു സ്വീകരിക്കുകയെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചു.

എന്നാല്‍ വിവാദങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ വിശദീകരണകുറിപ്പില്‍ ഗീതാ ഗോപിനാഥോ തയ്യാറായില്ല. അതേസമയം  നവലിബറല്‍ സാമ്പത്തിക ആശങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ തന്നെ പ്രചാരം നല്‍കുന്നതില്‍ രാഷ്ട്രീയ ശരികേടുണ്ടെന്നു  മുന്‍ ഐടി ഉപദേഷ്ടാവും കടുത്ത വി.എസ്. പക്ഷക്കാരനുമായ ജോസഫ് സി. മാത്യു പറഞ്ഞു.

പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെക്കുറിച്ച് ധനമന്ത്രി തോമസ് ഐസകും മൗനം തുടരുകയാണ്. നിമയോപദേഷ്ടാവിനു പിന്നാലെ സാമ്പത്തിക ഉപദേഷ്ടാവും വിവാദക്കുരുക്കിലാകുന്നതില്‍ പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വലിയ അതൃപതിയുണ്ട്.


 

Follow Us:
Download App:
  • android
  • ios