ക്രിസ്മസ് തിരക്ക് കഴിഞ്ഞതോടെ രാജ്യത്തെ വ്യോമയാന രംഗത്ത് ഓഫറുകളുടെ മേളമാണ്. എല്ലാ പ്രമുഖ എയര്‍ലൈന്‍ കമ്പനികളും 1000-2000 രൂപ നിരക്കില്‍ യാത്രക്കാര്‍ക്ക് പറക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. എയര്‍ഏഷ്യ,ജെറ്റ് എയര്‍വേഴ്‌സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവര്‍ക്ക് പിറകേ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഗോഎയറാണ് ഒടുവില്‍ നിരക്കിളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

തിരഞ്ഞെടുത്ത റൂട്ടുകളില്‍ 1212 രൂപ മുതലുള്ള തുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് ഗോഎയര്‍ തങ്ങളുടെ ഉപഭോക്താകള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഫെയര്‍ സോ ലോ, ഫ്‌ളൈ വിത്ത് ഗോ... എന്ന പ്രത്യേക ഓഫറിന് കീഴിലാണ് കമ്പനി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.

ജനുവരി 31 വരെയാണ് ഈ ഓഫര്‍. ഗോഎയര്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താല്‍ പത്ത് ശതമാനം ടിക്കറ്റിളവ് കൂടി ഗോഎയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി-ചെന്നൈ റൂട്ടിലടക്കം ഈ നിരക്കിളവുകള്‍ ലഭ്യമാണ്. ചെന്നൈ-കൊച്ചി - 1302 രൂപ, ബെംഗളൂരു-കൊച്ചി 1395 രൂപ, ഗുവാഹത്തി-ഭഗ്‌ഡോഗ്ര-1305 രൂപ, ദില്ലി-ലക്‌നൗ-1313 രൂപ, ബെംഗളൂരു-ഹൈദരാബാദ് 1399 രൂപ, ലേ-ശ്രീനഗര്‍ - 1401 രൂപ.... എന്നിവയാണ് കുറഞ്ഞ നിരക്കില്‍ പറക്കാന്‍ സാധിക്കുന്ന മറ്റു പാതകള്‍.