മുംബൈ: രാജ്യത്ത് സ്വര്‍ണ്ണ ഉപയോഗം കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജി.എസ്.ടിക്കൊപ്പം സ്വര്‍ണ്ണ വിപണിയിലെ കൃത്രിമങ്ങള്‍ തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുമൊക്കെ വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കുന്നുണ്ട്. രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ സ്വര്‍ണ്ണ വിപണി അതീവ മന്ദതയിലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണ്ടെത്തിയിരിക്കുന്നത്.
വിവാഹങ്ങള്‍ക്ക് മുതല്‍ സുരക്ഷിതമായ നിക്ഷേപമെന്ന തരത്തില്‍ വരെ സ്വര്‍ണ്ണം കണക്കാക്കപ്പെടുന്നതിനാല്‍ ഇന്ത്യ, ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ്. എന്നാല്‍ ഈ വര്‍ഷം ആകെ രാജ്യത്ത് വില്‍ക്കപ്പെടാന്‍ സാധ്യതയുള്ള സ്വര്‍ണ്ണം 650 ടണ്‍ ആയിരിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അനുമാനിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി അനുസരിച്ച് 845 ടണ്‍ സ്വര്‍ണ്ണം പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കപ്പെടുന്നുണ്ട്. 2016ല്‍ 666.1ടണ്ണിന്റെ വില്‍പ്പനയാണ് നടന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ വില്‍പ്പന 145.9 ടണ്ണായി കുറഞ്ഞു. ഏകദേശം 24 ശതമാനത്തോളം കുറവാണിത്. ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും വിവാഹ സീസണും കാരണം സെപ്തംബറിന് ശേഷമുള്ള പാദത്തില്‍ വില്‍പ്പന ഉയരുമെന്നാണ് പ്രതീക്ഷ.
